അത്ഭുതക്കാഴ്ച്ചയൊരുക്കാൻ ഗ്രഹവിന്യാസം; ഏഴ് ഗ്രഹങ്ങൾ ഒരുമിച്ച്; എങ്ങനെ കണ്ടെത്താം

Published by
Brave India Desk

ആകാശത്ത് അത്യപൂർവ കാഴ്ച്ചയൊരുക്കുന്ന ഒന്നാണ് പ്ലാനറ്ററി പരേഡ്. സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങളിൽ ഏഴ് ഗ്രഹങ്ങളെ ഒരുമിച്ച് ദൃശ്യമാകുന്ന ഗ്രഹവിന്യാസം ഇന്ന് സംഭവിക്കും. സൗരയൂധത്തിൽ ഗ്രഹങ്ങൾ ഒരുമിച്ചെത്തുന്ന പ്ലാനറ്ററി പരേഡ് നാസയുടെ അഭിപ്രായത്തിൽ അത്ര അപൂർവമല്ല.

എന്നാൽ, എല്ലാ വർഷവും എട്ട് ഗ്രഹങ്ങളും ഒന്നിച്ച് ദൃശ്യമാകുന്ന കാഴ്ച അങ്ങനെ സംഭവിക്കുന്നതല്ല. അതുകൊണ്ടുതന്നെ, ഇത് കാണേണ്ട ഒരു അപൂർവ കാഴ്ച്ച തന്നെയാണ്. ഇന്ന് സംഭവിക്കുന്നത് പോലെ എട്ട് ഗ്രഹങ്ങളും ഒന്നിച്ച് കാണാൻ കഴിയുന്ന ഈ വിന്യാസം ഇനി സംഭവിക്കണമെങ്കിൽ 2040 വരെ കാത്തിരിക്കണം.

ഇന്ന് സംഭവിക്കുന്ന പ്ലാനറ്ററി പരേഡ് എങ്ങനെ കാണാമെന്ന് നോക്കാം…

കഴിഞ്ഞ വർഷം ഡിസംബർ മുതൽ ജ്യോതിശാസ്ത്രജ്ഞർ ഗ്രഹങ്ങളുടെ മനോഹരമായ കാഴ്ച ആസ്വദിക്കുന്നുണ്ട്. എന്നാൽ, സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ ഏഴ് ഗ്രഹങ്ങളും വൈകുന്നേരം ഒരേസമയം ആകാശത്ത് ദൃശ്യമാകുന്നത് ഇതാദ്യമാണ്. ഇന്ത്യയിലുള്ളവർക്ക് ഇന്ന് ഗ്രഹ വിന്യാസം കാണാൻ കഴിയുന്ന അനുയോജ്യമായ സമയം, സൂര്യാസ്തമയത്തിന് ഏകദേശം 45 മിനിറ്റ് കഴിഞ്ഞായിരിക്കും.

സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ ശനി, ബുധൻ, ശുക്രൻ, വ്യാഴം, ചൊവ്വ എന്നീ ഗ്രഹങ്ങളെയാണ് ഇന്ന് ഒരുമിച്ച് നഗ്ന നേത്രങ്ങൾ കൊണ്ട് കാണാനാവുക. എന്നാൽ, യൂറാനസിനെയും നെപ്റ്റിയൂണിനെയും കാണണമെങ്കിൽ, ദൂരദർശിനിയോ ബൈനോക്കുലറുകളോ ഉപയോഗിക്കേണ്ടിവരും. തെക്കൻ ചക്രവാളത്തിന് തൊട്ടു മുകളിലായി മിഥുനം നക്ഷത്രസമൂഹത്തിലാണ് ചൊവ്വയെ കാണാൻ കഴിയുക. വ്യാഴം ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ ഗ്രഹമായി പ്രത്യക്ഷപ്പെടുകയും ടോറസ് നക്ഷത്രസമൂഹത്തിൽ കാണപ്പെടുകയും ചെയ്യും. മേടം രാശിയിലായിരിക്കും യുറാനസ് ദൃശ്യമാകുക. എന്നാൽ, നഗ്ന നേത്രങ്ങൾ കൊണ്ട് യൂറാനസിനെ കാണണമെങ്കിൽ, പൂർണ്ണമായും ഇരുണ്ട തെളിഞ്ഞ ആകാശമാവണം.

മീനരാശിയിൽ പടിഞ്ഞാറൻ ചക്രവാളത്തോട് അടുത്തായിരിക്കും ശുക്രനെ കാണാനാവുക. അതിന് തൊട്ടു മുകളിലായി നെപ്റ്റിയൂൺ ഉണ്ടാകും. എന്നാൽ, ഏറ്റവും മങ്ങിയ ഗ്രഹമായതിനാൽ തന്നെ നെപ്പ്റ്റിയൂണിനെ കാണണമെങ്കിൽ ബൈനോക്കുലറുകൾ ആവശ്യമായി വരുന്നു. സൂര്യനോട് ഏറ്റവും അടുത്തായതിനാൽ, ബുധനെ കുംഭം രാശിയിൽ കാണാൻ കഴിയും. രാത്രി ആകാശത്ത് ശനിയെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെങ്കിലും, സൂര്യനോട് അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഗ്രഹ പരേഡിൽ അത് കണ്ടെത്താൻ ഏറ്റവും പ്രയാസമായിരിക്കും.

Share
Leave a Comment

Recent News