കോട്ടയം : ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്ക്. കോട്ടയം പാലായിൽ ആണ് സംഭവം. ആണ്ടൂർ സ്വദേശികളായ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 7 മണിയോടെ ആയിരുന്നു സംഭവം നടന്നത്. ഇരുവരും വീട്ടിൽ ഒന്നിച്ച് ഇരിക്കുന്ന സമയത്ത് ശക്തമായ ഇടിമിന്നൽ ഉണ്ടാവുകയായിരുന്നു.
മിന്നലിൽ പരിക്കേറ്റ ആൻമരിയയേയും ആൻഡ്രൂസിനേയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിൽ ഇടിമിന്നൽ ജാഗ്രത നിർദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ഇന്ന് മുതൽ 25-ാം തീയതി വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കൂടാതെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നൽ മാരകമാകാൻ സാധ്യതയുള്ളതിനാൽ ശക്തമായ മുൻകരുതൽ സ്വീകരിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Leave a Comment