കോഴിക്കോട്: മുതിർന്ന ബിജെപി നേതാവും ദേശീയ നിർവാഹക സമിതി അംഗവുമായിരുന്ന അഹല്യ ശങ്കർ അന്തരിച്ചു. 89 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ആരോഗ്യനില വഷളായി. ഇതോടെ മരണം സംഭവിക്കുകയായിരുന്നു.
നിരവധി ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങൾ മുന്നിൽ നിന്നും നയിച്ച ധീര നേതാവാണ് അഹല്യശങ്കർ. സ്ത്രീകൾക്ക് നേരായ അതിക്രമങ്ങൾക്കെതിരെ കേരള രാഷ്ട്രീയത്തിൽ ഉയർന്ന് കേട്ട സ്വരവും അലഹ്യശങ്കറിന്റേത് ആയിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം, മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ്, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ചുമതലകൾ അഹല്യശങ്കർ വഹിച്ചിട്ടുണ്ട്.
കോഴിക്കോട് നടന്ന ജനസംഘം സമ്മേളനത്തിലൂടെ ആയിരുന്നു അഹല്യശങ്കർ സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. 1980 ൽ ബിജെപി രൂപീകരണ സമ്മേളനത്തിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള വനിതാ പ്രതിനിധികളിൽ ഒരാൾ ആയിരുന്നു അവർ.
ബിജെപി സംസ്ഥാന കമ്മിറ്റിയിൽ എത്തിയ രണ്ടാമത്തെ വനിതാ നേതാക്കളിൽ ഒരാളാണ്. മൂന്ന് വട്ടം വീതം ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ചു. 1982,87 എന്നീ വർഷങ്ങളിൽ ബേപ്പൂരിൽ നിന്നും 1966 ൽ കൊയിലാണ്ടിയിൽ നിന്നുമാണ് നിയമസഭയിലേക്ക് മത്സരിച്ചത്. 1989 ലും 1991 ലും 1997 ലും പൊന്നാനിയിൽ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചു.
തലശ്ശേരി ന്യൂമാഹിയിലെ പ്രമുഖ കോൺഗ്രസ് നേതാവായിപുന്ന കരിമ്പിൽ കൃഷ്ണന്റെയും ദമയന്തിയുടെയും മകളാണ് അഹല്യശങ്കർ. കോഴിക്കോട് വെള്ളയിൽ നാലുകുടിപറമ്പ് പരേതനായ ശങ്കരൻ ആണ് ഭർത്താവ്. അഹല്യശങ്കറിന്റെ വിയോഗത്തിൽ ബിജെപി നേതാക്കൾ അനുശോചിച്ചു.
Leave a Comment