ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വയിലേക്ക് എത്തിയത് പുതിയ ഭീകര സംഘടനയിലെ അംഗങ്ങളെന്ന് സംശയം. സുരക്ഷാ സേന വധിച്ച ഭീകരരെ തിരിച്ചറിയുന്ന വിവരങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇതാണ് പുതിയ ഭീകര സംഘടനയെന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നത്. കത്വയിൽ തുടരുന്ന ഏറ്റുമുട്ടലിൽ ഇതുവരെ മൂന്ന് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.
ഇന്നലെ ഉണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചത്. ഇവരെ വിശദമായ ദേഹപരിശോധനയ്ക്ക് വിധേയമാക്കി എങ്കിലും തിരിച്ചറിയുന്ന വിവരങ്ങൾ ഒന്നും സുരക്ഷാ സേനയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പുതുതായി രൂപീകരിച്ച ഭീകര സംഘടനയുടെ ഗ്രൂപ്പ് ആകാം അതിർത്തി മറികടന്ന് എത്തിയത് എന്നാണ് വിലയിരുത്തുന്നത്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾക്കായി വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
കത്വയിൽ കഴിഞ്ഞ അഞ്ച് ദിവസമായി സുരക്ഷാ സേനയുടെ പരിശോധന തുടരുകയാണ്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി ആയുധങ്ങൾ സുരക്ഷാ സേന കണ്ടെത്തിയിട്ടുണ്ട്. പാരാ കമാന്റോകളും സംഘത്തിലുണ്ട്. സ്‌നിഫർ ഡോഗുകളെയും പരിശോധനാ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രദേശവാസിയായ ഗണേഷും ഭാര്യ ജ്യോതിയുമാണ് അതിർത്തി കടന്ന് എത്തിയ ഭീകര സംഘത്തെ ആദ്യം കണ്ടത്. ഉടൻ തന്നെ വിവരം സുരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കത്വയിൽ എത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു ഭീകര സംഘത്തെ ശ്രദ്ധയിൽപ്പെട്ടത്. 12 ഓളം പേർ സംഘത്തിൽ ഉണ്ടെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. ഇവരുടെ പക്കൽ ആയുധങ്ങളും ഉണ്ടായിരുന്നു.
ഇതിനിടെ ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ സുരക്ഷാ സേന കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപത്തെ കാടിനുള്ളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ടതിനെ തുടർന്നായിരുന്നു ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഭീകരർക്ക് സഹായം നൽകുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് സംശയിക്കുന്നത്.
ഇവരുടെ വിശദമായ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ദേശീയപാത മറികടന്ന് എത്തിയ ഇവർ ഉധംപൂരോ ദോഡയോ വഴി കത്വയിലെ ഘാട്ടി മേഖലയിലേക്ക് പോകാൻ ശ്രമിച്ചതാകാമെന്നാണ് വിലയിരുത്തൽ.
Leave a Comment