സെലൻസ്‌കി കുട്ടിച്ചോറാക്കും,മാറ്റണം.തിരഞ്ഞെടുപ്പ് വരട്ടെ,യുക്രെയ്ൻ യുദ്ധത്തിൽ ഒത്തുതീർപ്പിന് തയ്യാറെന്ന് പുടിൻ

Published by
Brave India Desk

മോസ്‌കോ: യുക്രെയ്ൻ-റഷ്യ യുദ്ധം പര്യവസാനിക്കാൻ വഴിയൊരുങ്ങുന്നു. യുദ്ധം ഒത്തുതീർപ്പാക്കാനായി തങ്ങൾ മുന്നോട്ട് വയ്ക്കുന്ന ഒരു നിബന്ധന പാലിക്കണമെന്നാണ് റഷ്യ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. യുക്രെയ്ൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് വ്‌ളോദിമിർ സെലൻസ്‌കിയെ മാറ്റിയാൽ യുദ്ധത്തിൽ ഒത്തുതീർപ്പാക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ വ്യക്തമാക്കി. സെലെൻസ്‌കിയെ നീക്കി രാജ്യം മറ്റൊരു താൽക്കാലിക ഭരണ സംവിധാനത്തിലേക്ക് നീങ്ങുകയാണെങ്കിൽ യുദ്ധത്തിൽ ഒത്തുതീർപ്പിനെ കുറിച്ച് ചിന്തിക്കാമെന്നാണ് പുതിൻ മുന്നോട്ടുവെച്ച നിർദേശം.

യുദ്ധത്തിൽ ഒരു ഒത്തുതീർപ്പിലെത്തുന്നതിനും പ്രധാന കരാറുകളിൽ ഒപ്പുവെക്കാനും രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുകയോ യുക്രൈനെ ഒരു താത്കാലിക ഭരണസംവിധാനത്തിന് കീഴിലാക്കുകയോ ചെയ്യണമെന്ന് പുടിൻ ആവശ്യപ്പെട്ടുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഐക്യരാഷ്ട്രസഭ, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, എന്നിവരുടെ ആഭിമുഖ്യത്തിൽ യുക്രൈനിൽ ഒരു താത്കാലിക ഭരണ സംവിധാനം ഒരുക്കാൻ കഴിയും. ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തി ജനവിശ്വാസമുള്ള ഒരു സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരുന്നതോടെ സമാധാന ഉടമ്പടിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കാൻ കഴിയുമെന്ന് പുടിൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

അതേസമയം കഴിഞ്ഞ ദിവസം സെലൻസ്‌കി,പുടിനെ കുറിച്ച് പറഞ്ഞ പാരമർശങ്ങൾ വലിയ വിമർശനത്തിന് കാരണമായിരുന്നു.പുടിൻ ഉടൻമരിക്കുമെന്നായിരുന്നു പരാമർശം. പുടിന്റെ മരണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നും സെലൻസ്‌കി വ്യക്തമാക്കി. ‘സമാധാന ശ്രമങ്ങൾക്കിടയിലും യുദ്ധം നീട്ടിക്കൊണ്ടുപോകാനാണ് റഷ്യയുടെ ആഗ്രഹമെന്ന്” സെലൻസ്‌കി ആരോപിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യയിൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

റഷ്യൻ പ്രസിഡന്റിന്റെ ആരോഗ്യനില സംബന്ധിച്ച് മോശം വാർത്തകൾ പുറത്ത് വരുന്നതിനിടെയായിരുന്നു സെലൻസ്‌കിയുടെ ഈ പരാമർശം. വ്യാപക വിമർശനമാണ് സെലൻസ്‌കിയുടെ ഈ പരാമർശനത്തിന് ലഭിക്കുന്നത്. ശത്രുരാജ്യത്തെ ഭരണാധികാരിയാണെങ്കിലും യുദ്ധത്തിനിടെ പാലിക്കേണ്ട ചില മര്യാദകൾ സെലൻസ്‌കി ലംഘിച്ചുവെന്ന തരത്തിലാണ് വിമർശനങ്ങളധികവും.

 

Share
Leave a Comment

Recent News