ഒട്ടാവ : കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം ആസൂത്രിതമല്ലെന്ന് പോലീസ്. വഴിതെറ്റി വന്ന വെടിയുണ്ടയാണ് വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയത് എന്നാണ് കാനഡ പോലീസ് റിപ്പോർട്ട് ചെയ്യുന്നത്. ഒന്റാറിയോയിലെ ഹാമിൽട്ടണിൽ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ആയിരുന്നു ഇന്ത്യൻ വിദ്യാർത്ഥിനിയായ ഹർസിമ്രത് രൺധാവ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നത്.
ഹാമിൽട്ടണിലുള്ള മൊഹാവ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു 21 കാരിയായ ഹർസിമ്രത് രൺധാവ. പഞ്ചാബ് സ്വദേശിനിയാണ്. കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിയപ്പോൾ നെഞ്ചിൽ വെടിയേറ്റ നിലയിൽ രൺധാവയെ കണ്ടെത്തിയതായും അവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്നും ഹാമിൽട്ടൺ പോലീസ് അറിയിച്ചു.
റോഡിൽ വച്ച് രണ്ട് സെഡാൻ കാറുകൾ തമ്മിൽ ഉണ്ടായ സംഘർഷം ആണ് പരസ്പരമുള്ള വെടിവെപ്പിലേക്ക് നയിച്ചത് എന്നും പോലീസ് വ്യക്തമാക്കുന്നു. കാറിൽ നിന്നും വെടിവെച്ചപ്പോൾ അത് അബദ്ധത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനിക്ക് കൊള്ളുകയായിരുന്നു എന്നാണ് ഹാമിൽട്ടൺ പോലീസ് അറിയിക്കുന്നത്. ഗുണ്ടാ സംഘങ്ങൾ നടത്തിയ വെടിവെപ്പിൽ നിരപരാധിയായ വിദ്യാർത്ഥിനി കൊല്ലപ്പെടുകയായിരുന്നു എന്നും പോലീസ് അറിയിച്ചു.
Leave a Comment