ഇസ്ലാമാബാദ്: വെടിനിർത്തൽ കരാർ ലംഘനത്തിന് പിന്നാലെ പാകിസ്താന് സമ്പൂർണ പിന്തുണയുമായി ചൈന. പാകിസ്താന്റെ പരമാധികാരം, പ്രദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിനായി ചൈന തുടർന്നും ഒപ്പം നിൽക്കുമെന്ന് ചൈന അറിയിച്ചു. പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ധറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ചൈനയുടെ അറിയിച്ചത്.
വെടിനിർത്തൽ കരാറിനു ശേഷമുള്ള മേഖലയിലെ സ്ഥിതിഗതികളെ കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചും പാകിസ്താൻ ചൈനയോട് വിശദീകരിച്ചിട്ടുണ്ട്. ഏത് പരിതസ്ഥിതിയിലും പാകിസ്താന്റെ തന്ത്രപരമായ സഹകരണ പങ്കാളിയും സുഹൃത്തും എന്ന നിലയിൽ പരമാധികാരം, പ്രദേശിക സമഗ്രത, സ്വാതന്ത്ര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിൽ ചൈന പാകിസ്താനോടൊപ്പം ഉറച്ചുനിൽക്കുമെന്ന് വാങ് യി ഉറപ്പിച്ചു പറഞ്ഞു.പാകിസ്താന്റെ സംയമനത്തെ ചൈന അംഗീകരിക്കുന്നുവെന്നും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും ഉത്തരവാദിത്തത്തോടെ പെരുമാറിയ സമീപനത്തെ അഭിനന്ദിക്കുന്നുവെന്നും വാങ് യി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂരിന്റെ സമയത്ത് പാകിസ്താനും ഇന്ത്യയും തങ്ങളുടെ അയൽക്കാരാണെന്നും സംയമനം പാലിക്കണമെന്നുമായിരുന്നു ചൈന പറഞ്ഞിരുന്നത്.’ഇന്നു രാവിലെ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ ആക്രമണം ഖേദജനകമാണ്. ഇന്ത്യയും പാകിസ്താനും ഇന്നും എക്കാലവും അയൽ രാജ്യങ്ങളായിരിക്കും. ഈ രണ്ടു രാഷ്ട്രങ്ങളും ചൈനയുടെ അയൽ രാജ്യങ്ങളുമാണ്. എല്ലാ രീതിയിലുള്ള തീവ്രവാദി അക്രമങ്ങളെയും ഞങ്ങൾ അപലപിക്കുന്നു. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി ഇരു രാജ്യങ്ങളും നിയന്ത്രണം കൈവെടിയാതെ സമചിത്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും സ്ഥിതിഗതികൾ വഷളാക്കുന്ന നടപടികൾ ഉണ്ടാകാതെ ശ്രദ്ധിക്കുകയും വേണമെന്നായിരുന്നു ചൈനയുടെ വാക്കുകൾ.
Leave a Comment