ലഖ്‌നൗ : ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ആത്മീയ സന്ദർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. മഥുരയിലെ വൃന്ദാവനിലുള്ള ശ്രീ രാധേ ഹിത് കേളികുഞ്ച് ആശ്രമത്തിൽ വച്ച് അദ്ദേഹം വിശുദ്ധ പ്രേമാനന്ദ മഹാരാജിനെ കാണുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു. ഭാര്യ അനുഷ്ക ശർമ്മയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സന്ന്യാസി പ്രേമാനന്ദ മഹാരാജിൽ നിന്ന് ദമ്പതികൾ അനുഗ്രഹം ഏറ്റുവാങ്ങി.
വൃന്ദാവനത്തിലേക്കുള്ള കോഹ്‌ലിയുടെ രണ്ടാമത്തെ സന്ദർശനമാണിത്. പ്രേമാനന്ദ് ജി മഹാരാജിന്റെ അനുഗ്രഹം തേടാൻ ഈ വർഷം ജനുവരിയിൽ മക്കളോടൊപ്പം അദ്ദേഹം എത്തിയിരുന്നു. രാവിലെ 6 മണിയോടെ ആശ്രമത്തിലെത്തിയ കോഹ്‌ലി ഏകദേശം 9:30 വരെ അവിടെ തങ്ങി. പ്രേമാനന്ദ് ജി മഹാരാജുമായുള്ള കോഹ്‌ലിയുടെ മൂന്നാമത്തെ കൂടിക്കാഴ്ചയായിരുന്നു നടന്നത്. കോഹ്‌ലിക്ക് നേരത്തെയും അദ്ദേഹം ആത്മീയ മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നു.
പ്രേമാനന്ദ് ജി മഹാരാജിന്റെ ആശ്രമത്തിൽ നിന്നും വിരാട് കോഹ്‌ലി സന്ന്യാസി ഗുരുവായ ഗൗരംഗി ശരൺ മഹാരാജിനെ കാണാൻ ബരാ ഘട്ടിലെത്തി. അവിടെയും കുറച്ചു സമയം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. 123 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 46.85 ശരാശരിയിൽ 30 സെഞ്ച്വറിയും 31 അർദ്ധസെഞ്ച്വറിയും ഉൾപ്പെടെ 9230 റൺസ് നേടിയ തന്റെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കുന്നതായി തിങ്കളാഴ്ചയാണ് വിരാട് കോഹ്‌ലി പ്രഖ്യാപിച്ചിരുന്നത്.
Leave a Comment