ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയുടെ ആദ്യ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ കമ്മീഷനിംഗിന് തയ്യാറായി. ജൂൺ 18 ന് വിശാഖപട്ടണത്തെ നേവൽ ഡോക്ക്‌യാർഡിൽ വെച്ച് യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്യും. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ ആയിരിക്കും കമ്മീഷനിംഗ് നിർവഹിക്കുക. ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) പരമ്പരയിലെ ആദ്യത്തെ യുദ്ധക്കപ്പലാണ് ‘അർണാല’. മഹാരാഷ്ട്രയിലെ വസായിലെ ചരിത്രപ്രസിദ്ധമായ അർണാല കോട്ടയുടെ പേരാണ് യുദ്ധക്കപ്പലിന് നൽകിയിരിക്കുന്നത്.
ഡീസൽ എഞ്ചിൻ-വാട്ടർജെറ്റ് പ്രൊപ്പൽഡ് യുദ്ധക്കപ്പലുകളിൽ ഏറ്റവും വലുതാണ് ‘അർണാല’.
കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് (ജി.ആർ.എസ്.ഇ) ആണ് രൂപകൽപ്പന ചെയ്ത് നിർമ്മിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ എൽ & ടി ഷിപ്പ് ബിൽഡേഴ്‌സുമായി സഹകരിച്ചായിരുന്നു നിർമ്മാണം. 80 ശതമാനത്തിലധികം തദ്ദേശീയ ഭാഗങ്ങളോടെയാണ് യുദ്ധക്കപ്പൽ നിർമ്മിച്ചിരിക്കുന്നത്.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), എൽ ആൻഡ് ടി, മഹീന്ദ്ര ഡിഫൻസ്, MEIL എന്നിവയുൾപ്പെടെ പ്രമുഖ ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളിൽ നിന്നുള്ള നൂതന സംവിധാനങ്ങൾ ആണ് ഈ യുദ്ധക്കപ്പലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊൽക്കത്തയിലും കാട്ടുപ്പള്ളിയിലും സ്ഥിതി ചെയ്യുന്ന കപ്പൽ ഉൽപ്പാദന ഡയറക്ടറേറ്റിന്റെയും യുദ്ധക്കപ്പൽ മേൽനോട്ട സംഘങ്ങളുടെയും മേൽനോട്ടത്തിലായിരുന്നു നിർമാണം. മെയ് 8 ന് കപ്പൽ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി.
77 മീറ്റർ നീളവും 14,90 ടണ്ണിൽ കൂടുതൽ ഭാരവുമാണ് ഈ യുദ്ധക്കപ്പലിനുള്ളത്. ഡീസൽ എഞ്ചിൻ-വാട്ടർജെറ്റ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഏറ്റവും വലിയ ഇന്ത്യൻ നാവിക യുദ്ധക്കപ്പലാണിത്. കപ്പലിന്റെ മുദ്രാവാക്യമായി ദേവനാഗരി ലിപിയിൽ “അർണവേ ശൗര്യം” എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. സമുദ്രത്തിന്റെ ശൗര്യം എന്നാണ് ഇത് അർത്ഥമാക്കുന്നത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്ര സുരക്ഷയിൽ സ്വാശ്രയത്വം കൈവരിക്കുക എന്ന ഇന്ത്യൻ നാവികസേനയുടെ ലക്ഷ്യമാണ് അർണാലയിലൂടെ സാക്ഷാത്കരിക്കുന്നത്.
Leave a Comment