ഇന്നലെ ലീഡ്‌സിലെ ഹെഡിംഗ്‌ലിയിൽ നടന്ന ആൻഡേഴ്‌സൺ-ടെൻഡുൽക്കർ ട്രോഫിയുടെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് അഞ്ച് വിക്കറ്റിന് തോറ്റതോടെ യുവതാരം ശുഭ്മാൻ ഗില്ലിന് ടെസ്റ്റ് ക്യാപ്റ്റൻസിയിൽ അദ്ദേഹം കരുതിയിരുന്ന തരത്തിലുള്ള തുടക്കമല്ല ലഭിച്ചത് എന്ന് യാതൊരു സംശയവും ഇല്ലാതെ തന്നെ പറയാൻ സാധിക്കും. ടോപ് ഓർഡർ തിളങ്ങിയിട്ടും അവസാന ദിവസം വരെ മുന്നിൽ നിന്നിട്ടും ഈ 5 വിക്കറ്റിന്റെ തോൽവി ഇന്ത്യയെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്.
എന്തായാലും ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ നായകനെന്ന നിലയിൽ ശുഭ്മാൻ തന്റെ വഴി കണ്ടെത്താൻ ശ്രമിക്കുകയാണെന്നും തന്റെ മുൻഗാമികളായ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ എന്നിവർക്കുണ്ടായിരുന്ന തരത്തിലുള്ള ഓൺ-ഫീൽഡ് പ്രഭാവലയം( ഓറ ) അദ്ദേഹത്തിന് ഇല്ലെന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ പറഞ്ഞിരിക്കുകയാണ്.
“സത്യസന്ധമായി പറഞ്ഞാൽ ഗില്ലിൽ നിന്ന് ഞാൻ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. കോഹ്‌ലിയും രോഹിത് ശർമ്മയുമൊക്കെ അലങ്കരിച്ച സ്ഥാനമാണ് ഇപ്പോൾ ഗിൽ ഏറ്റെടുത്തിരിക്കുന്നത്. ഞാൻ പരാമർശിച്ച പേരുകളിൽ പറഞ്ഞതുപോലെ അദ്ദേഹത്തിന് ഫീൽഡിൽ അത്രയും “ഓറ” ഇല്ലായിരുന്നുവെന്ന് ഞാൻ പറയുന്നു. അവർ ഒകെ നായകനായി ഇരുന്ന് സ്ഥാനം ഏറ്റെടുക്കുമ്പോൾ കാണേണ്ട ഒരു മികവ് കാണാൻ സാധിച്ചില്ല.”അദ്ദേഹം പറഞ്ഞു നിർത്തി.
രണ്ട് ഇന്നിങ്സിലുമായി 835 റൺസ്, അഞ്ച് സെഞ്ച്വറികൾ, ടോപ് ഓർഡറിന്റെ ഭാഗത്ത് നിന്ന് മികച്ച പ്രകടനം, ഇംഗ്ലണ്ട് ബാറ്റിംഗിൽ ജസ്പ്രീത് ബുംറ ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റും സ്വന്തമാക്കുന്നു. എന്നിട്ടും ഇന്ത്യ ടെസ്റ്റ് തോറ്റു എന്ന് പറഞ്ഞാൽ പലർക്കും അതൊരു ഞെട്ടൽ തന്നെയാകും.
ബാറ്റിംഗിന് അനുകൂലമായ ട്രാക്കിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 471 റൺ നേടിയപ്പോൾ പലരും ചോദിച്ച ഒരു കാര്യം, ഒരു 550 റൺസിന് മുകളിൽ നേടാനുള്ള സാധ്യത ഇന്ത്യക്ക് ഉണ്ടായിരുന്നില്ലേ? മധ്യനിരയും, വാലറ്റവും കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കേണ്ടത് ആയിരുന്നില്ലേ? ഈ ചോദ്യത്തിന്റെ ഒകെ കാരണം ഇംഗ്ലണ്ട് ബാറ്റിംഗ് നടന്നപ്പോൾ എല്ലാവർക്കും മനസിലായി.
ഇന്ത്യ എങ്ങനെയാണോ കളിച്ചത് അത് പോലെ തന്നെ ഇംഗ്ലണ്ട് തിരിച്ചടിക്കാൻ തുടങ്ങിയപ്പോഴാണ് കുറച്ച് റൺ കൂടി ഇന്ത്യക്ക് വേണ്ടത് ആയിരുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തി ഉയർന്നത്. എന്തായാലും തന്റെ ക്ലാസ് പ്രകടിപ്പിച്ച ജസ്പ്രീത് ബുംറ 5 വിക്കറ്റ് നേട്ടത്തോടെ ലീഡ് എന്ന ഇംഗ്ലണ്ട് സ്വപ്നത്തെ തകർത്തു. ശേഷം രണ്ടാം ഇന്നിങ്സിലും നന്നായി തന്നെ കളിച്ച ഇന്ത്യ കെഎൽ രാഹുലിന്റെ 137 റൺസിന്റെയും ഋഷഭ് പന്തിന്റെയും 118 റൺസിന്റെയും ബലത്തിൽ മറ്റൊരു കൂറ്റൻ സ്കോറിലേക്ക് പോകുക ആണെന്ന് തോന്നിച്ചതാണ്.
എന്നാൽ ഇരുവരുടെയും വിക്കറ്റ് വീണതോടെ കളിമറന്ന ഇന്ത്യൻ സംഘം ഓരോന്നായി ഡ്രസിങ് റൂമിലേക്ക് മാർച്ച് ചെയ്യാൻ തുടങ്ങി. ഇതോടെ ഇംഗ്ലണ്ട് വിജയലക്ഷ്യം 400 റൺസിൽ താഴെയായി ഒതുങ്ങി. വെറും 364 റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ഇതോടെ തന്നെ പാതി ജയിച്ച ഇംഗ്ലണ്ട്, എങ്ങനെയാണോ ഒരു ബാറ്റിംഗ് ട്രാക്കിൽ കളിക്കേണ്ടത്, അതുപോലെ തന്നെ ഇംഗ്ലണ്ട് എളുപ്പത്തിൽ തന്നെ 15 ഓവറുകൾ ജയം സ്വന്തമാക്കുക ആയിരുന്നു.
Leave a Comment