മുംബൈ : നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്റെ (യുഎപിഎ) സാധുത ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജി തള്ളി ബോംബെ ഹൈക്കോടതി. യുഎപിഎയെ ചോദ്യം ചെയ്യാൻ കഴിയില്ല. ഈ നിയമം പൂർണ്ണമായും ഭരണഘടനാപരമാണ്. കൂടാതെ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരവുമുണ്ട്. അതിനാൽ തന്നെ നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്യാൻ കഴിയില്ല എന്ന് ജസ്റ്റിസുമാരായ എ.എസ്. ഗഡ്കരി, നീല ഗോഖലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
യുഎപിഎയുടെയും രാജ്യദ്രോഹ നിയമ വ്യവസ്ഥകളുടെയും ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് അനിൽ ബാബുറാവു ബെയ്‌ലെ നൽകിയ ഹർജി ആണ് ബോംബെ ഹൈക്കോടതി തള്ളിയത്. 2020-ലെ എൽഗാർ പരിഷത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നോട്ടീസ് അയച്ചതിനെ തുടർന്നാണ് ഹർജിക്കാരൻ കേസിലെ യുഎപിഎയുടെ സാധുതയെ ചോദ്യംചെയ്ത് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 124 എ ഭേദഗതി ചെയ്യുകയും ഈ നിയമങ്ങൾ അതിരുകടന്നതും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്നും തനിക്ക് നൽകിയ എൻഐഎ നോട്ടീസ് റദ്ദാക്കണമെന്നും ആയിരുന്നു ഹർജിക്കാരൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.
ഹർജിക്കാരന്റെ വാദങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ ബെഞ്ച് നിയമത്തിലെ വ്യവസ്ഥകൾ ഭരണഘടനാപരമായ അവകാശങ്ങൾ പാലിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. ഈ വർഷം ഫെബ്രുവരിയിൽ ആണ് യുഎപിഎ ഭേദഗതികളെ ചോദ്യം ചെയ്തുള്ള ഹർജികൾ ഹൈക്കോടതികൾക്ക് പരിഗണിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബോംബെ ഹൈക്കോടതിയിൽ നിന്നും ഇത്തരത്തിൽ ഒരു സുപ്രധാനവിധി ഉണ്ടായിരിക്കുന്നത്.
Discussion about this post