ആസാമില്‍ 61 നിയമസഭാമണ്ഡലങ്ങളിലും പശ്ചിമബംഗാളില്‍ 31 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പ് നടക്കും. ആസമില്‍ രണ്ടാംഘട്ടത്തില്‍ 57 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. പ്രതിപക്ഷമായ എഐയുഡിഎഫ് 47 സീറ്റിലും ബിജെപി 35 സീറ്റിലും മാറ്റുരയ്ക്കുന്നു. ബോഡോ പീപ്പിള്‍സ് ഫ്രണ്ട്, ആസാം ഗണപരിഷത് എന്നീ പാര്‍ട്ടികള്‍ യഥാക്രമം 10, 19 സീറ്റുകളിലും സിപിഎം ഒമ്പത് സീറ്റിലും സിപിഐ അഞ്ചു സീറ്റിലും ജനവിധി തേടുന്നു. 214 സ്വതന്ത്രരാണു മത്സരംഗത്തുള്ളത്.
കോണ്‍ഗ്രസ് മന്ത്രിമാരായ രകിബുല്‍ ഹുസൈന്, ചന്ദന്‍ സര്‍ക്കാര്‍, നസ്റുള്‍ ഇസ്ലാം എന്നിവരും എജിപിയുടെ മുന്‍ മുഖ്യമന്ത്രി പ്രഫുല്ല മഹന്ത, എഐയുഡിഎഫ് അധ്യക്ഷനും ധുബ്രി എംപിയുമായ ബദ്റുദീന് അജ്മല്‍, മുഖ്യമന്ത്രിക്കെതിരേ കലാപമുയര്‍ത്തി ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മുന്‍ മന്ത്രി ഹിമന്ത വിശ്വാസ ശര്‍മ എന്നിവരുമാണ് മത്സരരംഗത്തെ പ്രമുഖര്‍. ആക്രമണഭീഷണിയുടെ പശ്ചാത്തലത്തില്‍ നാലു ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ ജില്ലകളില്‍ കനത്ത സുരക്ഷയിലാണു പോളിംഗ് നടക്കുന്നത്.
പശ്ചിമബംഗാളില്‍ വെസ്റ്റ് മിഡ്നാപുര്, ബന്‍കുര, ബര്‍ദ്വാന്‍ ജില്ലകളിലെ മണ്ഡലങ്ങൡലാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത്-കോണ്‍ഗ്രസ് സംയുക്ത മുന്നണി, ബിജെപി എന്നിവര്‍ തമ്മിലാണു മത്സരം. 8,465 പോളിംഗ് ബൂത്തുകളിലെത്തുന്ന 70 ലക്ഷം വോട്ടര്‍മാരാണ് വിധി നിര്‍ണയിക്കുന്നത്.
നാരായണ്ഗഢില്നിന്ന് അഞ്ചു തവണ നിയമസഭാംഗമായ പ്രതിപക്ഷ നേതാവ് സൂര്യകാന്ത മിശ്ര, സബംഗ് മണ്ഡലത്തില്‍ ജനവിധി തേടുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാനസ ഭുനിയ എന്നിവരാണു പ്രമുഖ മത്സരാര്‍ഥികള്‍. നിയമസഭയിലെ 91 വയസുള്ള മുതിര്‍ന്ന അംഗം ഗ്യാന്‍ സിംഗ് സൊഹന്പാല ഖരഗ്പുര്‍ മണ്ഡലത്തില്‍നിന്നു ജനവിധി തേടുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷാണ് ഗ്യാന്‍ സിംഗിന്റെ പ്രധാന എതിരാളി.
Discussion about this post