ജനപ്രിയ മദ്യ ബ്രാൻഡുകളായ ഓൾഡ് മോങ്ക്, ആന്റിക്വിറ്റി ബ്ലൂ വിസ്‌കി, റോയൽ ചലഞ്ച് വിസ്‌കി, ബാഗ്‌പൈപ്പർ ഡീലക്‌സ് വിസ്‌കി എന്നിവയുടെ ചില നിർദ്ദിഷ്ട ബാച്ചുകളുടെ വിൽപന നിരോധിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). മാനദണ്ഡങ്ങൾ മറികടന്ന് സ്വാഭാവിക രുചിക്ക് പകരം കൃത്രിമ ഫ്‌ളേവറുകൾ ഉപയോഗിച്ചതായി കണ്ടെത്തലിനെ തുടർന്നാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കർശന നടപടി. പ്രമുഖ നിർമാതാക്കളായ യുണൈറ്റഡ് സ്പിരിറ്റ്‌സ് (ഡയാജിയോ), ഇൻബ്രൂ ബീവറേജസ്, മോഹൻ റോക്കി സ്പ്രിംഗ് വാട്ടർ എന്നിവർ ഉൽപ്പാദിപ്പിച്ച ചില ഉൽപ്പന്നങ്ങളിലാണ് ഇത്തരം ക്രമക്കേടുകൾ കണ്ടെത്തിയത്.
മധ്യപ്രദേശിൽ യുണൈറ്റഡ് സ്പിരിറ്റ്‌സ് നിർമ്മിച്ച ആന്റിക്വിറ്റി ബ്ലൂ വിസ്‌കി, റോയൽ ചലഞ്ച് വിസ്‌കി, അതേ സംസ്ഥാനത്ത് തന്നെ ഇൻബ്രൂ ബിവറേജസ് നിർമ്മിച്ച ബാഗ്‌പൈപ്പർ ഡീലക്‌സ് വിസ്‌കി, ഓൾഡ് കാസ്‌ക് ഡീലക്‌സ് റം, മഹാരാഷ്ട്രയിൽ മോഹൻ റോക്കി സ്പ്രിംഗ് വാട്ടർ നിർമ്മിച്ച ഓൾഡ് മോങ്കിന്റെ മൂന്ന് വേരിയന്റുകൾ എന്നിവയ്ക്കാണ് നിലവിൽ വിലക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. എന്നാൽ ഈ നിയന്ത്രണം നിർദ്ദിഷ്ട പ്ലാന്റുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മാത്രമാണോ അതോ മറ്റ് കേന്ദ്രങ്ങളിൽ നിർമ്മിക്കുന്ന ഇതേ ബ്രാൻഡുകളെ പൂർണ്ണമായും ബാധിക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗിക വ്യക്തത വന്നിട്ടില്ല. ആരോപണ വിധേയരായ കമ്പനികളും സംഭവത്തിൽ ഇതുവരെ പ്രതികരണം ലഭ്യമാക്കിയിട്ടില്ല.
ഇന്ത്യൻ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ അനുസരിച്ച് മദ്യത്തിൽ വാനിലയോ കാപ്പിയോ പോലുള്ള സ്വാഭാവിക ഫ്‌ളേവറുകൾ ചേർക്കാൻ മാത്രമാണ് അനുമതിയുള്ളത്. എന്നാൽ ഇതിനുപകരം വിസ്‌കിയിൽ വിസ്‌കി ഫ്‌ളേവറോ, റമ്മിൽ റമ്മിന്റെ ഫ്‌ളേവറോ കൃത്രിമമായി ചേർത്ത് സ്വാഭാവികമായ രുചിയും മണവും പുനഃസൃഷ്ടിക്കുന്ന പ്രവണത ചില നിർമ്മാതാക്കൾ പിന്തുടരുന്നതായി പരിശോധനയിൽ തെളിഞ്ഞു. റമ്മിലെ സ്വാഭാവിക ചേരുവകളായ കരിമ്പ്, മുന്തിരി എന്നിവയുടെ കൃത്യമായ ഉപയോഗവും ആവശ്യമായ പക്വത പ്രക്രിയകളും (Maturation process) ഒഴിവാക്കി ഉൽപ്പന്നത്തിന്റെ നിലവാരം കുറയ്ക്കാൻ ഇത്തരം കൃത്രിമ രീതികൾ വഴിതുറക്കുമെന്നും, ഇത് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട നിർമാണ രീതികൾക്ക് വിരുദ്ധമാണെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി. വിപണിയിലെ ജനപ്രിയ ബ്രാൻഡുകൾക്കെതിരെയുള്ള നടപടി മദ്യപർക്കിടയിലും വ്യവസായ മേഖലയിലും വലിയ ചർച്ചയായിട്ടുണ്ട്.












