തമിഴ്‌നാട്ടിൽ കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ചതിന് പിന്നാലെ ദേശീയ തലത്തിലെ പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയിൽ നിന്നും ഔദ്യോഗികമായി വേർപിരിഞ്ഞതായി പ്രഖ്യാപിച്ച് ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം). തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഉയർന്നുവന്ന രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ഡിഎംകെ ഈ നിർണ്ണായക തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 30-ന് നടക്കാനിരിക്കുന്ന ഇൻഡി മുന്നണിയുടെ പ്രധാന യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഡിഎംകെ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകവുമായി (ടിവികെ) കോൺഗ്രസ് സഹകരിക്കാൻ തീരുമാനിച്ചതാണ് ഡിഎംകെയെ പ്രകോപിപ്പിച്ചത്. തങ്ങളെ ഒഴിവാക്കി ടിവികെയുമായി സഖ്യത്തിലായ കോൺഗ്രസ് വിളിച്ചുചേർക്കുന്ന യോഗത്തിൽ പങ്കെടക്കുന്നതിൽ അർത്ഥമില്ലെന്ന് ഡിഎംകെ വക്താക്കൾ തുറന്നടിച്ചു. എന്നാൽ ആശയപരമായി ഭാരതീയ ജനതാ പാർട്ടിക്കെതിരെയുള്ള (ബിജെപി) പോരാട്ടം തുടരുമെന്നും, ഭാവിയിൽ ലോക്‌സഭയിൽ ഡിഎംകെ അംഗങ്ങൾക്ക് പ്രത്യേക സീറ്റിംഗ് ക്രമീകരണം ആവശ്യപ്പെടുമെന്നും പാർട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്.
ഡിഎംകെയ്ക്ക് പുറമെ മറ്റ് ചില പ്രതിപക്ഷ പാർട്ടികളും യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതും ഇൻഡി സഖ്യത്തിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും നാളത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ നിന്നുള്ള മുസ്‌ലിം ലീഗ്, ആർഎസ്പി, കേരള കോൺഗ്രസ് എം എന്നീ കക്ഷികളും തമിഴ്‌നാട്ടിലെ വിസികെയും യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പ്രതിപക്ഷ ഐക്യത്തിന് വലിയ തിരിച്ചടിയാണ് ഡിഎംകെയുടെ ഈ പെട്ടെന്നുള്ള പിന്മാറ്റം സമ്മാനിച്ചിരിക്കുന്നത്.









