ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ 12 വയസ്സുള്ള കുട്ടിയെ പങ്കാളിയാക്കിയ സംഭവത്തിൽ സംഘാടകരായ സി.ജെ.പി നേതാക്കൾക്കെതിരെ പോക്‌സോ കേസ് എടുക്കണമെന്ന ആവശ്യവുമായി പരാതി. അഡ്വക്കേറ്റ് റിങ്കി ചാറ്റർജി സിംഗ് സമർപ്പിച്ച പരാതിയിലാണ് സി.ജെ.പി നേതാക്കളായ അഭിജിത് ദിപ്കെ, സൗരവ് ദാസ് എന്നിവർക്കും മറ്റ് സംഘടകർക്കുമെതിരെ അടിയന്തരമായി ‘സീറോ എഫ്.ഐ.ആർ’ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. കുട്ടികൾക്കെതിരായ ലൈംഗിക അധിക്ഷേപ തടയൽ (പോക്‌സോ) നിയമത്തിലെ 13, 14, 15 വകുപ്പുകൾക്ക് പുറമെ ഭാരതീയ ന്യായ സംഹിതയിലെ (BNS) 153-ാം വകുപ്പ് പ്രകാരവും വഞ്ചനയ്ക്കും കലാപശ്രമത്തിനും അന്വേഷണം വേണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
കഴിഞ്ഞ ജൂലൈ 20-ന് നടന്ന പ്രതിഷേധത്തിനിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടാകുകയും തുടർന്ന് ലാത്തിച്ചാർജ് നടക്കുകയും ചെയ്തിരുന്നു. വലിയ രീതിയിലുള്ള സുരക്ഷാ ഭീഷണിയും അക്രമ സാധ്യതയുമുള്ള ഒരു സമര വേദിയിലേക്ക് പ്രത്യേക സംരക്ഷണവും പരിചരണവും അർഹിക്കുന്ന 12 വയസ്സുള്ള പെൺകുട്ടിയെ ആര്, എന്തിന് കൊണ്ടുവന്നുവെന്ന് പരാതിക്കാരി ചോദ്യം ചെയ്തു. പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ഉയർന്നതായും, എന്നാൽ യുവാക്കളുടെ ഭാവി മുൻനിർത്തി പ്രധാനമന്ത്രി അവരോട് ക്ഷമിച്ചതായി പ്രഖ്യാപിച്ചിട്ടും, 12 വയസ്സുകാരിക്ക് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റെന്ന് കാട്ടി സി.ജെ.പി സംഘടകർ പ്രധാനമന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് വീഡിയോ പുറത്തുവിട്ടതിനെ പരാതിക്കാരി രൂക്ഷമായി വിമർശിച്ചു.
കുട്ടികളെ രാഷ്ട്രീയ സമരവേദികളിൽ പരിചയായി ഉപയോഗിച്ച് അപകടത്തിലാക്കിയ സംഘാടകർക്കെതിരെ നിയമനടപടി വേണമെന്നതിനൊപ്പം, ഈ പ്രതിഷേധങ്ങൾക്ക് പിന്നിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. രാജ്യവിരുദ്ധ ശക്തികളും ഇടനിലക്കാരും സാമ്പത്തിക സഹായം നൽകുന്ന ‘ഡീപ് സ്റ്റേറ്റ്’ ശൃംഖലയാണോ ഈ പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തണമെന്നാണ് പൊലീസിന് നൽകിയ അപേക്ഷയിലെ വാദം. നീറ്റ് വിഷയത്തിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ മറവിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ദുരുപയോഗം ചെയ്തുവെന്ന ഗുരുതര ആരോപണം ഉയർന്നതോടെ വിഷയം വലിയ നിയമ-രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.











