കേരളത്തിൽ നടന്ന ഒരു പ്രമോഷൻ പരിപാടിക്കിടെ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചെത്തിയതിനെ ചോദ്യം ചെയ്ത യൂട്യൂബർക്ക് ചുട്ട മറുപടിയുമായി ചലച്ചിത്ര നടി പ്രിയാ പ്രകാശ് വാര്യർ. പ്രമുഖ ബ്രാൻഡായ ക്യൂട്ടികൂറയുടെ (Cuticura) പുതിയ ടാൽക്കം പൗഡർ അവതരണ ചടങ്ങിലും ബ്രാൻഡ് അംബാസഡർ പ്രഖ്യാപന ചടങ്ങിലുമാണ് സംഭവം അരങ്ങേറിയത്. കാവി (ഓറഞ്ച്) നിറത്തിലുള്ള വസ്ത്രമണിഞ്ഞ് എത്തിയ പ്രിയയോട്, ഈ നിറം തിരഞ്ഞെടുത്തതിന് പിന്നിൽ പ്രത്യേകിച്ച് എന്തെങ്കിലും രാഷ്ട്രീയമോ മറ്റ് കാരണങ്ങളോ ഉണ്ടോയെന്ന് ചോദിച്ച വാർത്താപ്രവർത്തകനാണ് നടി കൃത്യമായ മറുപടി നൽകിയത്.
“എന്റെ പൊന്നു ചേട്ടാ… ഇത് വർഷങ്ങളായി ഈ ബ്രാൻഡിന്റെ കളറാണ്. ഞാൻ ഈ ബ്രാൻഡിന്റെ അംബാസഡറാണ്. അപ്പോൾ ആ ബ്രാൻഡിനെ പ്രതിനിധീകരിക്കുമ്പോൾ അതിനോട് ചേർന്നുനിൽക്കുന്ന ഡ്രസ്സ് ഇടുന്നതല്ലേ ശരി?” എന്നായിരുന്നു ചിരിച്ചുകൊണ്ട് പ്രിയയുടെമറുപടി. താൻ എല്ലാ നിറങ്ങളിലുമുള്ള വസ്ത്രങ്ങൾ ധരിക്കാറുണ്ടെന്നും ഇതിൽ വല്ലാത്ത വ്യാഖ്യാനങ്ങൾ കൂട്ടിച്ചേർക്കേണ്ടതില്ലെന്നും നടി വ്യക്തമാക്കി.
ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നിലവിൽ സോഷ്യൽ മീഡിയയിൽ ലക്ഷണക്കണക്കിന് ആളുകളാണ് കാണുന്നത്. ഒരു വസ്ത്രത്തിന്റെ നിറത്തെ പോലും ആവശ്യമില്ലാതെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ച ചോദ്യകർത്താവിനെ അതിസമർത്ഥമായി കൈകാര്യം ചെയ്ത പ്രിയയുടെ നിലപാടിനെ പ്രശംസിച്ച് നിരവധി ആരാധകരും സിനിമാപ്രേമികളും രംഗത്തെത്തിയിട്ടുണ്ട്. എല്ലാ വസ്ത്രധാരണത്തിലും രാഷ്ട്രീയം തിരയുന്ന പ്രവണതയ്ക്ക് പ്രിയ നൽകിയത് ഉചിതമായ മറുപടിയാണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.








