ഡൽഹി അക്ബർ റോഡിലെ എ.ഐ.സി.സി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ നാടകീയ സംഭവങ്ങൾ. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ‘വന്ദേമാതരം’ ഗാനം പൂർണ്ണമായി ആലപിച്ചതാണ് കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയത്. ഗാനം പകുതിയിൽ വെച്ച് നിർത്താൻ മുതിർന്ന നേതാവ് സോണിയാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും നേരിട്ട് ഇടപെട്ടെങ്കിലും ഗായകർ ആലാപനം തുടരുകയായിരുന്നു. സംഭവത്തിൽ രാഹുൽ ഗാന്ധി പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിഷയം കടുത്ത രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
സ്വാതന്ത്ര്യദിന ചടങ്ങുകൾക്കിടെ വന്ദേമാതരം ആരംഭിച്ച് ആദ്യത്തെ രണ്ട് ചരണങ്ങൾ പൂർത്തിയായതോടെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങൾ അരങ്ങേറിയത്. സാധാരണയായി ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രമാണ് ആലപിക്കാറുള്ളത്. എന്നാൽ രണ്ട് ചരണങ്ങൾ കഴിഞ്ഞിട്ടും ഗാനം തുടർന്നതോടെ വേദിയിലുണ്ടായിരുന്ന സോണിയാ ഗാന്ധിയുടെ മുഖഭാവം മാറുകയും അതൃപ്തി ഖർഗെയെ അറിയിക്കുകയും ചെയ്തു. തുടർന്ന് ഖർഗെ ഇടപെട്ട് പാട്ട് നിർത്താൻ നിർദ്ദേശം നൽകിയെങ്കിലും ഗായകർ ആലാപനം നിർത്തിയില്ല.
ഇതിനിടെ മറുവശത്ത് നിൽക്കുകയായിരുന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അതൃപ്തിയോടെ നെറ്റിചുളിച്ച് ഇരുവർക്കും നേരെ നോട്ടമെറിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിലക്കുകൾ നിലനിൽക്കെ എ.ഐ.സി.സി ആസ്ഥാനത്ത് ഗാനം മുഴുവനായി പാടി പൂർത്തിയാക്കിയത് ദേശീയതലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തിയിട്ടുണ്ട്.







