പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിരോധിത ഭീകരസംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്താനുമായി (TTP) അടുത്ത ബന്ധം പുലർത്തുകയും വിധ്വംസക പ്രവർത്തനങ്ങൾക്ക് ഗൂഢാലോചന നടത്തുകയും ചെയ്ത പശ്ചിമ ബംഗാൾ സ്വദേശിയെ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമ ബംഗാളിലെ നോപാറ സ്വദേശിയായ 25 വയസ്സുകാരൻ അസഫൂൾ മല്ലിക്കാണ് പോലീസ് പിടിയിലായത്. ബെംഗളൂരുവിലെ പ്രമുഖ വ്യാവസായിക മേഖലയായ ജിഗാനിയിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
2025 ഡിസംബർ മുതൽ ജിഗാനി വ്യവസായിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ എയറോസ്‌പേസ് ക പ്രതിരോധ നിർമ്മാണ കമ്പനിയായ ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിൽ (Tata Advanced Systems Limited) സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. സംശയാസ്പദമായ രീതിയിലുള്ള ഓൺലൈൻ ഇടപാടുകളും നിരോധിത തീവ്രവാദ സംഘടനകളുമായി നിരന്തരം സന്ദേശങ്ങൾ കൈമാറുന്നതായുള്ള വിവരങ്ങളും ലഭിച്ചതിനെ തുടർന്ന് ഇയാൾ കഴിഞ്ഞ കുറച്ചുനാളുകളായി സുരക്ഷാ ഏജൻസികളുടെയും പോലീസിന്റെയും കടുത്ത നിരീക്ഷണത്തിലായിരുന്നു.
അഫ്ഗാനിസ്ഥാനിലെത്തി പാകിസ്താൻ സൈന്യത്തിനെതിരെ പോരാടാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായും ഇന്ത്യയിലും പാകിസ്താനിലും ആക്രമണങ്ങൾ നടത്താൻ സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾ വഴി ഗൂഢാലോചന നടത്തിയതായും പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ബെംഗളൂരു ജിഗാനി പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇയാളുടെ ഡിജിറ്റൽ ഉപകരണങ്ങളും മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി പരിശോധിച്ചുവരികയാണ്. ഇതിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.








