ഇന്ത്യയിലെ മുസ്ലീം ആരാധനാലയങ്ങൾ ഭീഷണിയിലാണെന്ന പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ പ്രസ്താവനയ്ക്കെതിരെ അതിരൂക്ഷമായ പ്രതികരണവുമായി ഇന്ത്യ. സർദാരിയുടെ പരാമർശങ്ങൾ തികച്ചും “ഹാസ്യാത്മകവും” അസഹിഷ്ണുതയും വിദ്വേഷവും നിറഞ്ഞ പാകിസ്താന്റെ വിദേശനയത്തിന്റെ ഭാഗമായുള്ള “രാഷ്ട്രീയ അജണ്ട”യുമാണെന്ന് വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ സംസാരിക്കാൻ പാകിസ്താന് യാതൊരു അവകാശവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു.
വാരണാസിയിലെ മസ്ജിദ് ഗഞ്ച് ഷഹീദ അടക്കമുള്ള മുസ്ലീം കേന്ദ്രങ്ങൾ തകർക്കപ്പെടാൻ ഭീഷണി നേരിടുകയാണെന്ന രീതിയിൽ സർദാരി എക്സിൽ (X) പങ്കുവെച്ച കുറിപ്പിനോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യ. പാകിസ്താൻ പ്രസിഡന്റിന്റെ അനാവശ്യ പരാമർശങ്ങളെ ഇന്ത്യ പൂർണ്ണമായും തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടുകയും മനുഷ്യാവകാശങ്ങൾ കാറ്റിൽപ്പറത്തുകയും ചെയ്യുന്ന ചരിത്രമുള്ള പാകിസ്താൻ മറ്റുള്ളവരെ ഉപദേശിക്കാൻ വരുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം പരിഹസിച്ചു
പാകിസ്താനിൽ ഹിന്ദു, ക്രിസ്ത്യൻ, അഹമ്മദീയ വിഭാഗങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന വർഗ്ഗീയ അതിക്രമങ്ങളും നിർബന്ധിത മതപരിവർത്തനങ്ങളും അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ചയാകുന്ന കാര്യമാണ് .സ്വന്തം രാജ്യത്തെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് ലോക ശ്രദ്ധ തിരിക്കാനാണ് സർദാരി ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നും, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്താൻ ഇടപെടുന്നത് ഉടൻ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം കർശന നിർദ്ദേശം നൽകി.








