കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കറും മുതിർന്ന തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവുമായ ആശിഷ് ബാനർജിയെ ബിർഭൂം ജില്ലയിലെ രാംപൂർഹാട്ടിലുള്ള പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ വീടിന് സമീപത്തുള്ള തൃണമൂൽ ഓഫീസിൽ ഫാനിൽ നൈലോൺ കയർ ഉപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു 74-കാരനായ അദ്ദേഹത്തിന്റെ മൃതദേഹം. സംഭവസ്ഥലത്തുനിന്നും പോലീസിന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. 2001 മുതൽ 2026 വരെ രാംപൂർഹാട്ടിൽ നിന്നുള്ള എം.എൽ.എയായിരുന്ന ആശിഷ് ബാനർജി, മുൻ മമത ബാനർജി സർക്കാരിൽ കൃഷി, സ്കൂൾ വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിൽ പ്രവേശിച്ചത് വലിയ തെറ്റായിപ്പോയെന്ന് ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിക്കുന്നു. സ്വന്തം കുടുംബാംഗങ്ങൾ ആരും ഇനി രാഷ്ട്രീയത്തിലേക്ക് ഇറങ്ങരുതെന്ന് കുറിപ്പിലൂടെ അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ കുടുംബത്തിൽ നിന്ന് ആരും ഇനി രാഷ്ട്രീയത്തിലേക്ക് വരില്ലെന്നും അദ്ദേഹത്തെ നിരന്തരം വ്യക്തിഹത്യ നടത്തുകയായിരുന്നുവെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
സമീപകാലത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാംപൂർഹാട്ടിൽ നിന്ന് പരാജയപ്പെട്ടതിനെ തുടർന്ന് ആശിഷ് ബാനർജി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ നിഷ്പക്ഷ അന്വേഷണം വേണമെന്ന് തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തെക്കുറിച്ച് സമഗ്രമായ പോലീസ് അന്വേഷണം വേണമെന്ന് പ്രദേശത്തെ നിലവിലെ ബി.ജെ.പി എം.എൽ.എ ധ്രുവ സാഹയും പ്രതികരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം പോലീസ് വിഷയം കൂടുതൽ വിശദമായി അന്വേഷിച്ചു വരികയാണ്.









