പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോകളും വിവാദങ്ങളും ആഗോളതലത്തിൽ വലിയ ചർച്ചയാകുന്നു. യു.എ.ഇയിലെ നൈറ്റ് ക്ലബ്ബിലെ ആഘോഷങ്ങൾ മുതൽ കേക്ക് മുറിക്കലിനിടെയുണ്ടായ കൂട്ടത്തല്ല് വരെയുള്ള നിരവധി സംഭവങ്ങളാണ് ഇപ്പോൾ നെറ്റിസൺസിനിടയിൽ വിമർശനത്തിനും പരിഹാസത്തിനും വഴിവെച്ചിരിക്കുന്നത്
ദുബായിലെ പ്രമുഖ നൈറ്റ് ക്ലബ്ബിൽ പാകിസ്താൻ ദേശീയ പതാകകളും സംഗീതവും ഉപയോഗിച്ച് നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ദൃശ്യങ്ങളാണ് പ്രധാനമായും വിവാദങ്ങൾക്ക് തുടക്കമിട്ടത് . വിദേശത്തു ജീവിക്കുന്ന പ്രവാസികളുടെ ആഘോഷമെന്ന നിലയിൽ ഒരു വിഭാഗം ഇതിനെ പിന്തുണച്ചപ്പോൾ, നൈറ്റ് ക്ലബ്ബിൽ ദേശീയപതാക ഉയർത്തിയും പാശ്ചാത്യ ശൈലിയിൽ നൃത്തം ചെയ്തും നടത്തിയ ആഘോഷം സാംസ്കാരിക-മതപരമായ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പാകിസ്താനിലെ ഒരു വിഭാഗം ആളുകൾ കടുത്ത എതിർപ്പുയർത്തി
അതേസമയം, പാകിസ്താനിൽ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച 100 കിലോഗ്രാം കേക്ക് മുറിക്കൽ ചടങ്ങും സംഘർഷത്തിൽ കലാശിച്ചു. കേക്ക് മുറിച്ച ഉടൻ തന്നെ അവിടെ തടിച്ചുകൂടിയ ജനക്കൂട്ടം കേക്കിന്റെ വലിയ കഷണങ്ങൾ കൈക്കലാക്കാൻ പരസ്പരം തല്ലുകൂടുകയും നെട്ടോട്ടമോടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത് . പൊതുസ്ഥലങ്ങളിലെ അച്ചടക്കമില്ലായ്മയും പൗരബോധമില്ലായ്മയും എടുത്തുകാണിക്കുന്ന ഈ സംഭവം ട്രോളന്മാർ ഏറ്റെടുത്തതോടെ വൻ പരിഹാസത്തിനാണ് സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചത്.
ഇതിനുപുറമെ, പാകിസ്താനി നടികളും ഇൻഫ്ലുവൻസർമാരും തങ്ങളുടെ സ്വാതന്ത്ര്യദിന ആശംസാ വിഡിയോകൾക്കായി ഇന്ത്യൻ ദേശഭക്തി ഗാനങ്ങൾ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചതും രാജ്യത്ത് വൻ ട്രോളുകൾക്കും വിമർശനങ്ങൾക്കും കാരണമായി. സ്വന്തം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ പോലും അയൽരാജ്യമായ ഇന്ത്യയിലെ സിനിമകളിലെ പാട്ടുകളെ ആശ്രയിക്കേണ്ടി വരുന്നുവെന്ന വിമർശനത്തോടെ സാംസ്കാരിക മേഖലയിലും വലിയ തർക്കങ്ങൾക്ക് ഇത് വഴിവെച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷം അഭിമാനത്തോടെ കൊണ്ടാടുന്നതിന് പകരം ഇത്തരം സംഭവങ്ങൾ കാരണം അന്താരാഷ്ട്ര തലത്തിൽ രാജ്യം നാണംകെടുകയാണെന്നാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം ആളുകളുടെയും പ്രതികരണം












