ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിദേശസഞ്ചാരികളെ കാത്തിരിക്കുന്നത് തട്ടിപ്പുകളും അമിത വില ഈടാക്കലുകളുമാണെന്ന സ്ഥിരം അപവാദ പ്രചാരണങ്ങൾക്ക് മറുപടിയുമായി വിദേശവനിത. താൻ ഇന്ത്യയിൽ യാത്ര ചെയ്തപ്പോഴൊക്കെ ലഭിച്ചത് അവിശ്വസനീയമായ സ്നേഹവും അതിഥിസത്കാരവുമാണെന്ന് വ്യക്തമാക്കുകയാണ് ‘ജെയ്ൻ കി ഖോജ്’ (Jane Ki Khoj) എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ജെയ്ൻ എന്ന വിദേശ വനിത. ഇന്ത്യയിലെ ജനങ്ങളുടെ ഊഷ്മളമായ പെരുമാറ്റത്തെയും കരുതലിനെയും കുറിച്ച് സംസാരിക്കുന്ന ഇവരുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.
താൻ സ്ഥിരമായി ചായ കുടിക്കാറുള്ള പ്രാദേശിക ചായക്കടക്കാരൻ, താൻ രാജ്യത്തെ ഒരു വിശിഷ്ട അതിഥിയാണെന്ന പരിഗണന നൽകി നിശ്ചിത തുകയേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ചായ നൽകിയിരുന്നതെന്ന് ജെയ്ൻ ഓർത്തെടുക്കുന്നു. ഭക്ഷണശാലകളിൽ പോകുമ്പോൾ ‘ഇന്ത്യയിലേക്ക് സ്വാഗതം’ എന്ന് ആശംസിച്ചുകൊണ്ട് പലപ്പോഴും സൌജന്യമായി മധുരപലഹാരങ്ങളും അധിക ഭക്ഷണവും നൽകിയ അനുഭവങ്ങളും അവർ പങ്കുവെച്ചു. കേവലം കുറഞ്ഞ നിരക്കിലോ ഭക്ഷണത്തിലോ മാത്രം ഒതുങ്ങുന്നതല്ല ഇന്ത്യക്കാരുടെ സ്നേഹം. വഴിയിൽ വെച്ച് കണ്ടുമുട്ടുന്ന അപരിചിതരായ ആളുകൾ പോലും തങ്ങളുടെ വീടുകളിലേക്ക് ഭക്ഷണത്തിന് ക്ഷണിക്കുകയും, ബന്ധുക്കളുടെ വിവാഹച്ചടങ്ങുകളിൽ പങ്കെടുപ്പിക്കുകയും, താമസസൗകര്യം വരെ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് അവർ പറയുന്നു.
തന്റെ ആദ്യ ഇന്ത്യ സന്ദർശന വേളയിൽ പ്രധാനമായും ഇന്ത്യൻ കുടുംബങ്ങളോടൊപ്പമാണ് താമസിച്ചിരുന്നതെന്നും, താൻ അടുത്തതായി സന്ദർശിക്കുന്ന നഗരങ്ങളിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിചയപ്പെടുത്തി യാത്ര കൂടുതൽ എളുപ്പമാക്കാൻ അവർ സഹായിച്ചതായും ജെയ്ൻ വ്യക്തമാക്കുന്നു. ലോകത്ത് മറ്റൊരു രാജ്യത്തും ഇതുപോലെ വിദേശികളെ ഇത്രയധികം ആദരവോടെയും ആതിഥ്യമര്യാദയോടെയും സ്വീകരിക്കുന്നത് കണ്ടിട്ടില്ലെന്നാണ് ഇവരുടെ നിരീക്ഷണം. ചിലപ്പോൾ ഓട്ടോറിക്ഷാ യാത്രകളിൽ അല്പം ഉയർന്ന തുക ഈടാക്കിയേക്കാമെങ്കിലും, അതിനേക്കാളൊക്കെ എത്രയോ ഇരട്ടി സ്നേഹവും കരുതലുമാണ് ഇന്ത്യക്കാരിലെ സാധാരണക്കാരിൽ നിന്ന് തനിക്ക് ലഭിച്ചതെന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്. “ഇന്ത്യയിലെ അമിത തുക ഈടാക്കലും കുറഞ്ഞ തുക വാങ്ങലും” എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ആയിരക്കണക്കിന് ആളുകളാണ് ഇന്ത്യയുടെ സാംസ്കാരിക മഹിമയെ പുകഴ്ത്തി രംഗത്തെത്തുന്നത്.












