വെറും 3000 രൂപ വാടകയ്ക്ക് ബാങ്ക് അക്കൗണ്ടുകൾ കൈമാറി 25 കോടി രൂപയുടെ ഡിജിറ്റൽ തട്ടിപ്പിന് കളമൊരുക്കിയ സംഘത്തിലെ മൂന്ന് പേരെ പട്ന പോലീസ് അറസ്റ്റ് ചെയ്തു. പ്രഭാകർ, അമിത്, ദീപക് എന്നിവരാണ് അറസ്റ്റിലായത്. പട്ന, ബക്സർ ജില്ലകളിൽ നിന്നാണ് ഇവരെ സൈബർ പോലീസ് പിടികൂടിയത്. വൻകിട സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് പണം കൈമാറാൻ സ്വന്തം അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്ന വലിയൊരു റാക്കറ്റിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി.
അറസ്റ്റിലായ പ്രതികളിൽ രണ്ടുപേർ റാപ്പിഡോ (Rapido) ബൈക്ക് ടാക്സി ഡ്രൈവർമാരായി ജോലി ചെയ്തുവരുന്നവരാണ്. ഓരോ ഇടപാടിനും 3000 രൂപ മുതൽ 5000 രൂപ വരെയാണ് ഇവർക്ക് തട്ടിപ്പ് സംഘത്തിൽ നിന്ന് കമ്മീഷനായി ലഭിച്ചിരുന്നത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി ഏകദേശം 25 കോടി രൂപയുടെ തട്ടിപ്പ് പണം കൈമാറിയതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരകൾ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (NCRP) ഇവർക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പട്ന സൈബർ പോലീസ് സ്റ്റേഷൻ ഇൻചാർജ് ഡിഎസ്പി സംഗീത കുമാരി അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്തർസംസ്ഥാന സൈബർ ക്രിമിനൽ സംഘങ്ങളാണ് ഇവരുടെ അക്കൗണ്ടുകൾ തട്ടിപ്പ് പണം വെളുപ്പിക്കാനായി ഉപയോഗിച്ചത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം പെട്ടെന്ന് പിൻവലിക്കാനും മറ്റ് ബാങ്കുകളിലേക്ക് മാറ്റാനും ഇത്തരം വാടക അക്കൗണ്ടുകളാണ് (Mule Accounts) സംഘം ഉപയോഗിച്ചിരുന്നത്. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന തട്ടിപ്പ് സംഘത്തെ കണ്ടെത്താനും, പട്ന കേന്ദ്രീകരിച്ച് കൂടുതൽ ആളുകൾ ഇത്തരത്തിൽ അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയിട്ടുണ്ടോ എന്ന് കണ്ടെത്താനും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.









