ജമ്മു കശ്മീരിലെ മൂന്ന് പ്രധാന ജില്ലകളിൽ സംശയാസ്പദമായ സാഹചര്യത്തിൽ അപരിചിതരായ വ്യക്തികളെ കണ്ടതിനെ തുടർന്ന് സുരക്ഷാ സേന വൻ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ (CASO) ആരംഭിച്ചു. ഉധംപൂർ, റിയാസി, കഠ്വ എന്നീ ജില്ലകളിലാണ് ജമ്മു കശ്മീർ പോലീസും സിആർപിഎഫും സംയുക്തമായി അതിതീവ്ര തിരച്ചിൽ നടത്തുന്നത്.
തിങ്കളാഴ്ച രാത്രി വൈകി ഉധംപൂരിലെ താലോട്ട് ഗ്രാമവാസിയായ പ്രകാശ് ചന്ദ് എന്നയാളുടെ വീടിന്റെ വാതിലിൽ രണ്ട് അപരിചിതർ തട്ടുകയും ഭക്ഷണം ആവശ്യപ്പെടുകയും ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഷാൾ പുതച്ചെത്തിയ ഇവർ തുടർച്ചയായി വാതിലിൽ മുട്ടിയെങ്കിലും ഭയം കാരണം വീട്ടുകാർ വാതിൽ തുറക്കാൻ തയ്യാറായില്ല. കുറച്ചുസമയത്തിന് ശേഷം ഇവർ ഖുബാൻ മേഖലയിലേക്ക് നടന്നുപോയതോടെയാണ് വീട്ടുകാർ വിവരമറിയിച്ചതും സുരക്ഷാ സേന സ്ഥലത്തെത്തിയതും. ഉധംപൂരിൽ തെരച്ചിൽ പുരോഗമിക്കുന്നതിനൊപ്പം റിയാസിയിലെ സാദിനി വനമേഖലയിലും കഠ്വയിലെ ഹിരാനഗർ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമുള്ള ഗ്രാമങ്ങളിലും സൈന്യവും പോലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പിന്നാലെയും അതിർത്തി കടന്നുള്ള ഭീകരവാദ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് സുരക്ഷാ ഏജൻസികൾ. സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അറിയിക്കണമെന്ന് പ്രദേശവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.










