ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന് പിന്നാലെ കൂടുതൽ വൻ ദുരന്തങ്ങൾ ഒഴിവാക്കാൻ നിർണ്ണായക പങ്കുവഹിച്ച നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (എൻഎസ്ജി) കെ9 ഡോഗ് സ്ക്വാഡിലെ ‘ഡോണി’ക്ക് ഇന്ത്യൻ കരസേനയുടെ ഉന്നത ബഹുമതി. സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിൽ വിദഗ്ദ്ധനായ ഡോണിക്ക് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചീഫ് ഓഫ് ആർമി സ്റ്റാഫ് (COAS) കൊമൻഡേഷൻ കാർഡ് സമ്മാനിച്ചു. രാജ്യരക്ഷയ്ക്കായി ധീരവും മാതൃകാപരവുമായ സേവനം അനുഷ്ഠിക്കുന്ന സൈനികർക്ക് നൽകുന്നതാണ് ഈ പുരസ്കാരം.
2025 നവംബറിൽ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ വാഹന സ്ഫോടനത്തിൽ (VBIED) 12 പേർ കൊല്ലപ്പെടുകയും 32 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിന് തൊട്ടുപിന്നാലെ നവംബർ 10-ന് പ്രദേശം സുരക്ഷിതമാക്കുന്നതിനായി എൻഎസ്ജിയുടെ പ്രത്യേക കെ9 കമാൻഡോ സംഘത്തോടൊപ്പം ഡോണിയെയും ഇവിടെ വിന്യസിച്ചു. തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലൂടെയും കടുത്ത സുരക്ഷാ ഭീഷണ നിലനിൽക്കെയും സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം കൃത്യമായി സ്ഥിരീകരിക്കാൻ ഡോണിക്കായി. ഇതോടെ സുരക്ഷാ സേനയ്ക്ക് പ്രദേശം പൂർണ്ണമായും സുരക്ഷിതമാക്കാനും തുടർന്നുള്ള ആക്രമണ സാധ്യതകൾ ഒഴിവാക്കാനും സാധിച്ചു.
തൊട്ടടുത്ത ദിവസങ്ങളിലും ഡോണിയുടെ സേവനം നിർണ്ണായകമായി മാറിയിരുന്നു. നവംബർ 12-ന് ഹരിയാനയിലെ ഫരീദാബാദ് ഖണ്ഡാവാലിയിൽ വെച്ച് ചെങ്കോട്ട ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിച്ച ഒരു വാഹനം പരിശോധിക്കാൻ ഡോണിയെ ചുമതലപ്പെടുത്തി. അതീവ ജാഗ്രതയോടെ നടത്തിയ പരിശോധനയിൽ വാഹനത്തിൽ ഒളിപ്പിച്ചിരുന്ന സ്ഫോടകവസ്തുക്കൾ ഡോണി കണ്ടെത്തുകയും, അന്വേഷണ സംഘത്തിന് കേസിലെ നിർണ്ണായക വഴിത്തിരിവുകൾ നൽകുകയും ചെയ്തു. വലിയൊരു ആസൂത്രിത ദുരന്തമാണ് ഡോണിയുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായതെന്ന് ആർമി വ്യക്തമാക്കി.
കടുത്ത മാനസിക സമ്മർദ്ദവും വെല്ലുവിളികളും നിറഞ്ഞ സാഹചര്യത്തിലും ഡോണി കാഴ്ചവെച്ച മികച്ച പ്രകടനമാണ് കരസേനാ മേധാവിയുടെ ബഹുമതിക്ക് അർഹനാക്കിയത്. ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിൽ ഡോണിയെക്കൂടാതെ 14 പേർക്ക് കൂടി സിഒഎഎസ് കൊമൻഡേഷൻ കാർഡ് ലഭിച്ചിട്ടുണ്ട്. ഇതിൽ 11 അഗ്നിവീറുകളും ഡോണിയെ കൂടാതെ ആദിൽ, ലക്കി എന്നീ രണ്ട് ആർമി കെ9 നായ്ക്കളും ഉൾപ്പെടുന്നു.












