ചൈന നിർമ്മിച്ച് നൽകിയ തങ്ങളുടെ ഏറ്റവും കരുത്തുറ്റ ജെ-10സിഇ (J-10CE) പോർവിമാനങ്ങളുടെ സുപ്രധാന സാങ്കേതിക വിദ്യയും പ്രവർത്തന രഹസ്യങ്ങളും ഇന്ത്യ ചോർത്തിയേക്കുമെന്ന കടുത്ത ഭീതിയിൽ പാകിസ്താൻ. ഉസ്ബെക്കിസ്ഥാൻ വഴി ഇന്ത്യ ഈ പോർവിമാനങ്ങളുടെ രഹസ്യങ്ങൾ കൈക്കലാക്കുമെന്നാണ് പാക് വ്യോമസേനയും രഹസ്യാന്വേഷണ വിഭാഗവും ആശങ്കപ്പെടുന്നത്. ഇന്ത്യയുടെ റഫാൽ, സുഖോയ്-30 എംകെഐ പോർവിമാനങ്ങളെ നേരിടാനായി 2022-ലാണ് ചൈനീസ് നിർമ്മിത ജെ-10സിഇ വിമാനങ്ങൾ പാകിസ്താൻ വ്യോമസേനയുടെ ഭാഗമാക്കിയത്.
ചൈനയിൽ നിന്ന് 24 ജെ-10സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഉസ്ബെക്കിസ്ഥാനും അടുത്തിടെ കരാർ ഒപ്പിട്ടിരുന്നു. ഇതിൽ ആദ്യ ബാച്ച് വിമാനങ്ങൾ ഉസ്ബെക്കിസ്ഥാന് കൈമാറിയതായാണ് വിവരങ്ങൾ. എന്നാൽ, ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിൽ നിലവിലുള്ള അടുത്ത നയതന്ത്ര-പ്രതിരോധ സഹകരണമാണ് പാകിസ്താനെ ചൊടിപ്പിക്കുന്നത്. ഉസ്ബെക്കിസ്ഥാന്റെ പക്കലുള്ള വിമാനങ്ങളിലൂടെ അതിന്റെ റഡാർ ശേഷി, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, മിസൈൽ പ്രഹരശേഷി തുടങ്ങിയ സുപ്രധാന വിവരങ്ങൾ ഇന്ത്യയ്ക്ക് ലഭിക്കുമെന്നാണ് പാക് ആശങ്ക.
വിമാനത്തിന്റെ പ്രവർത്തന രഹസ്യങ്ങൾ ചോർന്നാൽ ദക്ഷിണേഷ്യൻ മേഖലയിലെ തങ്ങളുടെ തന്ത്രപരമായ സൈനിക മുൻതൂക്കം പൂർണ്ണമായും തകരുമെന്ന് പാക് വ്യോമസേന വിലയിരുത്തുന്നു. സ്വന്തം ആയുധങ്ങളുടെ സാങ്കേതികവിദ്യ ചോരുമോ എന്ന ഭയം പാകിസ്താനെ മാത്രമല്ല, വിമാനങ്ങൾ വിറ്റഴിച്ച ചൈനയെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.









