ആലപ്പുഴ കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടി ചേറ്റിയാർ (65) കൊല്ലപ്പെട്ട സംഭവത്തിൽ സിനിമാക്കഥകളെ പോലും വെല്ലുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മേൽക്കൂരയിലെ ഓടുപൊളിച്ച ശേഷം ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ടു കൊല്ലാനായിരുന്നു കൗമാരക്കാരായ പ്രതികൾ ആദ്യം പദ്ധതിയിട്ടിരുന്നത്. ഇതിനായി വീടിനടുത്ത് വലിയ കല്ലുണ്ടെന്ന് ക്വട്ടേഷൻ നൽകിയ പെൺകുട്ടി ഉറപ്പാക്കി പ്രതികളെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ വീടിന്റെ മച്ച് ഈ പ്ലാനിന് തടസ്സമായതോടെ ശൗചാലയത്തിന്റെ പിൻഭാഗത്തുകൂടി അകത്തുകടന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
2017-ൽ പുറത്തിറങ്ങിയ ‘സ്പൈഡർ’ എന്ന തമിഴ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതികളിൽ ഒരാൾ ഈ ആശയം അവതരിപ്പിച്ചത്. മുകളിൽനിന്ന് കല്ലിട്ട് ആളുകളെ കൊല്ലുന്ന സൈക്കോ കഥാപാത്രത്തിന്റെ ശൈലി പിന്തുടർന്നാൽ നേരിട്ട് കൊലപ്പെടുത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാമെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടൽ. ശനിയാഴ്ച രാത്രി ഒൻപതരയോടെ ശിവൻകുട്ടിയുടെ വാടകവീട്ടിലെത്തിയ പ്രതികൾ ആദ്യം പുരപ്പുറത്തുകയറി പലഭാഗങ്ങളിലായി ഓടിളക്കി നോക്കിയെങ്കിലും മച്ചുള്ളതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
മോഷണമുതൽ വിറ്റ പണവുമായി പോലീസിനെ കബളിപ്പിക്കാനും ഇവർ ശ്രമം നടത്തി. കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ വീട്ടിൽ നിന്ന് കവർന്ന മോതിരം നാട്ടിലെ കടയിൽ 16,000 രൂപയ്ക്ക് വിറ്റ ശേഷം, മുക്കുപണ്ടത്തിൽ തീർത്ത സമാനമായ മോതിരമാണ് പ്രതികൾ ആദ്യം പോലീസിന് മുന്നിൽ കാണിച്ചത്. എന്നാൽ ഹരിപ്പാട് പോലീസ് നടത്തുന്ന ശക്തമായ ചോദ്യം ചെയ്യലിൽ യഥാർത്ഥ മോതിരം വിറ്റ കാര്യം ഇവർ സമ്മതിക്കുകയായിരുന്നു. കടയിൽ നിന്ന് മോതിരവും പ്രതികളുടെ വീടുകളിൽ നിന്ന് താലിയും മാലയും പോലീസ് കണ്ടെടുത്തു.
കൊല്ലപ്പെട്ട ശിവൻകുട്ടിയും പ്രായപൂർത്തിയാകാത്ത പ്രതികളും പരവൂർ സ്വദേശികളാണ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ളവരാണ് മൂന്ന് ആൺകുട്ടികളും. ക്വട്ടേഷൻ നൽകിയ പെൺകുട്ടിയുമായി ഇതിലൊരു പ്രതിക്കുള്ള സ്കൂൾ കാലത്തെ പരിചയമാണ് ക്രൂരമായ ഈ കൊലപാതകത്തിൽ മറ്റു രണ്ടുപേരെക്കൂടി പങ്കാളികളാക്കിയത്. വയോധികന്റെ കൊലപാതക വാർത്തയറിഞ്ഞ് നാട് ഇപ്പോഴും ഞെട്ടലിൽ തന്നെയാണ്.








