ഭോപ്പാൽ : മധ്യപ്രദേശിലെ സീഹോർ ജില്ലയിലെ ലസുഡിയ ഖാസ് ഗ്രാമത്തിലുള്ള കഹിരി അണക്കെട്ടിന് സമീപത്തെ ജല ശുദ്ധീകരണ പ്ലാന്റിൽ വാതക ചോർച്ച. പ്ലാന്റിലെ ടാങ്കിൽ നിന്ന് വലിയ തോതിൽ ക്ലോറിൻ വാതകം ചോർന്നതിനെ തുടർന്ന് സമീപവാസികളായ നിരവധി ആളുകൾക്ക് ശ്വാസതടസ്സവും കണ്ണുകളിൽ കടുത്ത പുകച്ചിലും അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രിയോടെയുണ്ടായ വാതക ചോർച്ചയെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ഗുരുതര നിലയിലായ നാലുപേരെ ഉടൻ തന്നെ സീഹോർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അണക്കെട്ടിലെ വെള്ളം ശുദ്ധീകരിക്കുന്നതിനായുള്ള പതിവ് പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് ക്ലോറിൻ സംഭരിച്ച ടാങ്കുകളിൽ ഒന്നിന് ചോർച്ചയുണ്ടായത്. വാതകം പടർന്നതോടെ പ്രദേശവാസികൾക്കിടയിൽ വലിയ പരിഭ്രാന്തിയുണ്ടാവുകയും ആളുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ സ്ഥിതി മെച്ചപ്പെട്ട് വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവം അറിഞ്ഞയുടൻ പോലീസ് സംഘവും സംസ്ഥാന ദുരന്ത നിവാരണ സേനയും ഡോക്ടർമാരുടെ പ്രത്യേക സംഘവും സ്ഥലത്തെത്തി പ്രദേശം സുരക്ഷിതമാക്കി. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനും കൂടുതൽ ആളുകളിലേക്ക് വാതകം പടരുന്നത് തടയാനുമായി പ്രാദേശിക ഭരണകൂടം പ്ലാന്റിലും പരിസരത്തും കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ചോർച്ച പൂർണ്ണമായി അടയ്ക്കുകയും സാഹചര്യം പൂർണ്ണ നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി എഡിഷണൽ എസ്പി പ്രശാന്ത് ചൗബേ അറിയിച്ചു.








