പഹൽഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനെയും വധിച്ച് ഇന്ത്യൻ സുരക്ഷാസേന. ജമ്മു കശ്മീരിലെ ബദ്‌ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിലാണ് ലഷ്കർ കൊടുംഭീകരൻ മൂസ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയോടെ ബദ്‌ഗാമിൽ ആരംഭിച്ച തിരച്ചിലിനൊടുവിൽ പുലർച്ചെയോടെയാണ് സുരക്ഷാസേന ഇയാളെ വധിച്ച വിവരം സ്ഥിരീകരിച്ചത്.
പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത നാല് ഭീകരരുടെ ചിത്രങ്ങളായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്. ഇതിൽ ആദ്യത്തെ രണ്ടു പേരെ ‘ഓപ്പറേഷൻ മഹാദേവ്’ എന്ന സൈനിക നീക്കത്തിലൂടെയും മൂന്നാമനെ പിന്നീട് ബദ്‌ഗാമിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിലും സൈന്യം വധിച്ചിരുന്നു. ഒളിവിലായിരുന്ന നാലാമനായ മൂസയ്ക്കായി മേഖലയിൽ തിരച്ചിൽ ശക്തമാക്കി വരികയായിരുന്നു.
2022 മുതൽ കശ്മീർ താഴ്‌വരയിൽ നടന്ന വിവിധ ഭീകരാക്രമണങ്ങളുടെ സൂത്രധാരൻ കൂടിയാണ് കൊല്ലപ്പെട്ട മൂസ. ഇയാളെ വധിച്ചത് ജമ്മു കശ്മീർ പോലീസിനും സുരക്ഷാസേനയ്ക്കും വലിയ നേട്ടമാണെന്ന് ബദ്ഗാം എസ്.എസ്.പിയായ മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ.കെ. ഹരിപ്രസാദ് സ്ഥിരീകരിച്ചു.








