ന്യൂഡൽഹിയിലെ ജന്തർ മന്ദറിൽ അരാജകവാദികൾ നടത്താൻ ശ്രമിച്ച പ്രതിഷേധം പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് ബിജെപി എംപി സംബിത് പത്ര. രാജ്യതലസ്ഥാനത്തെ ബന്ദിയാക്കാനും അക്രമം അഴിച്ചുവിടാനും ശ്രമിച്ച അരാജകശക്തികളുടെ നീക്കം തകർന്നടിഞ്ഞതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ജന്തർ മന്ദറിലെ സംഭവങ്ങളല്ല ഇന്ത്യയുടെ യഥാർത്ഥ ചിത്രമെന്നും, ടെലിവിഷനിലും സോഷ്യൽ മീഡിയയിലും കാണുന്നതിന് അപ്പുറം രാജ്യം നല്ല ഭരണത്തിന് കീഴിൽ ശാന്തമായി മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനക്കൂട്ടത്തിന്റെ അരാജകത്വത്തിന് മേൽ ജനാധിപത്യം വിജയം നേടിയ ദിവസമാണിതെന്നും സംബിത് പത്ര കൂട്ടിച്ചേർത്തു. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനത്തിന് പിന്നാലെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്.
പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്നുമെത്തിയ സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രാങ്ക എന്നിവരെ ഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജന്തർ മന്ദറിൽ പ്രതിഷേധിക്കാൻ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. ഇതിനെ ചോദ്യം ചെയ്ത നേതാക്കൾ പൊലീസിന്റെ നടപടിയെ ഏകാധിപത്യമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു










