സാരി ധരിച്ച് കമ്പനികളുടെ ബോർഡ് റൂമുകളിലേക്കും ഉയർന്ന കോർപ്പറേറ്റ് തലപ്പത്തേക്കും കടന്നുവരുന്ന സ്ത്രീകൾ നേരിടുന്ന വസ്ത്രധാരണ വിവേചനങ്ങളെയും സങ്കുചിത ചിന്താഗതികളെയും കുറിച്ച് മനസ്സ് തുറന്ന് പ്രശസ്ത എഴുത്തുകാരിയും രാജ്യസഭാംഗവുമായ സുധാ മൂർത്തി. ഇൻഫ്ലുവൻസറായ ഐശ്വര്യ ഡി.കെ.എസ്. ഹെഗ്‌ഡെയുമായി നടത്തിയ പ്രത്യേക സംഭാഷണത്തിലാണ്, പരമ്പരാഗത വസ്ത്രധാരണ രീതി പിന്തുടരുന്നതുമൂലം തൊഴിലിടങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും നേരിടേണ്ടി വരുന്ന മുൻവിധികളെക്കുറിച്ച് അവർ തുറന്നുപറഞ്ഞത്. സുധാ മൂർത്തിയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
സാരി ധരിച്ച് എത്തുമ്പോൾ പലരും തങ്ങളെ ‘ബെഹൻജി’ (പഴഞ്ചൻ രീതികൾ പിന്തുടരുന്നവൾ) എന്ന് വിളിച്ച് മാറ്റിനിർത്താറുണ്ടെന്നും, ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്ന മുൻവിധിയോടെയാണ് പെരുമാറാറുള്ളതെന്നും സുധാ മൂർത്തി ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയുടെ വസ്ത്രധാരണം നോക്കിയല്ല അവരുടെ കഴിവോ ബുദ്ധിയോ വിലയിരുത്തേണ്ടത്. ആധുനിക പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ചാൽ മാത്രമേ ഒരാൾ പ്രൊഫഷണലോ കഴിവുള്ളവളോ ആകൂ എന്ന ചിന്താഗതി തെറ്റാണെന്നും അവർ പറഞ്ഞു. ഇൻഫോസിസിന്റെ വളർച്ചയുടെ ഘട്ടങ്ങളിലും ലണ്ടൻ എയർപോർട്ടിൽ വച്ച് നേരിടേണ്ടി വന്ന അനുഭവങ്ങളും ഉദാഹരിച്ചാണ് അവർ സംസാരിച്ചത്.
വസ്ത്രമല്ല, നമ്മൾ ചെയ്യുന്ന ജോലിയും നമ്മുടെ ചിന്തകളുമാണ് നമ്മെ അടയാളപ്പെടുത്തേണ്ടത്. ഇന്ത്യൻ പാരമ്പര്യ വസ്ത്രമായ സാരിക്ക് തങ്ങളുടേതായ ഗാംഭീര്യവും ആത്മാഭിമാനവുമുണ്ട്. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ മുൻവിധികളെ ഭയന്ന് സ്വന്തം സംസ്കാരത്തെയും ശൈലിയെയും ഉപേക്ഷിക്കേണ്ടതില്ലെന്ന് സുധാ മൂർത്തി സ്ത്രീകളോട് ആഹ്വാനം ചെയ്തു. സമൂഹ മാധ്യമങ്ങളിൽ വലിയ പിന്തുണയാണ് സുധാ മൂർത്തിയുടെ ഈ തുറന്നുപറച്ചിലിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.










