ഇറാൻ ഗൾഫ് തീരത്ത് വൻവിലപിടിപ്പുള്ള ചരക്കുകളുമായി സഞ്ചരിച്ച കപ്പൽ മുങ്ങിയതിനെ തുടർന്ന് കടലിൽ ഒഴുകിനടന്ന ഐഫോണുകളും പെർഫ്യൂമുകളും ശേഖരിക്കാൻ മത്സ്യത്തൊഴിലാളികളുടെ വൻ തിരക്ക്. ഒക്ടോബർ 14-ന് സിംഗപ്പൂർ പതാകയേന്തിയ ‘ജിഎഫ്എസ് പ്രൈഡ്’ എന്ന ചരക്കുകപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പൽ തകർന്നതിന് പിന്നാലെ കടലിൽ ഒഴുകിനടന്ന അമൂല്യവസ്തുക്കൾ സ്വന്തമാക്കാൻ നൂറുകണക്കിന് ആളുകളാണ് ചെറിയ വള്ളങ്ങളിലും മറ്റുമായി കടലിലിറങ്ങിയത്.
പകുതി മുങ്ങിയ കണ്ടെയ്നറുകളിൽ നിന്ന് പെട്ടികൾ വലിച്ചെടുക്കുന്നതിന്റെയും ഒരു വലിയ ഷിപ്പിംഗ് കണ്ടെയ്നർ തന്നെ ചെറിയ ബോട്ടിൽ വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
കപ്പലിൽ തീപിടുത്തമുണ്ടായതാണ് അപകടത്തിന് കാരണമായതെന്ന് സിംഗപ്പൂർ അധികൃതർ വ്യക്തമാക്കി. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും പരിക്കുകളില്ലാതെ സുരക്ഷിതമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അനുമതിയില്ലാത്തതും അപകടകരവുമായ റൂട്ടിലൂടെ സഞ്ചരിച്ച കപ്പൽ കടൽ മൈനിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ഇറാൻ ഇസ്ലാമിക റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ അവകാശവാദം. 2,500-ലധികം കണ്ടെയ്നറുകളുമായി സഞ്ചരിച്ചിരുന്ന കപ്പലാണ് ഹോർമുസ് കടലിടുക്കിന് അപകടത്തിൽപ്പെട്ടത്. മേഖലയിൽ ചരക്കുകപ്പലുകൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനിടെയാണ് ഈ ദുരന്തവും ഉണ്ടായിരിക്കുന്നത്.








