ഭാവിയിൽ സൂപ്പർ ഇന്റലിജന്റ് സാങ്കേതികവിദ്യയുടെ കടന്നുവരവോടെ വലിയ അളവിലുള്ള സമൃദ്ധി ഉണ്ടാകുമെന്നും അതിനാൽ ദീർഘകാലത്തേക്കായി പണം സമ്പാദിച്ചുവെക്കുന്നത് അർത്ഥശൂന്യമാണെന്നും ടെസ്ല, സ്പേസ് എക്സ് മേധാവി എലോൺ മസ്ക്. എക്സിൽ പങ്കുവെച്ച ഒരു കുറിപ്പിലാണ് സമ്പാദ്യത്തെക്കുറിച്ചുള്ള തന്റെ വിവാദപരമായ പ്രവചനം മസ്ക് ആവർത്തിച്ചത്.
സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടേണ്ടതില്ലെന്നും ഏതാനും വർഷങ്ങൾക്കുള്ളിൽ കാര്യങ്ങളെല്ലാം മാറ്റിമറിക്കപ്പെടുമെന്നും വ്യക്തമാക്കിയ ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന്റെ പോസ്റ്റിന് മറുപടിയായാണ് മസ്ക് ഈ അഭിപ്രായപ്രകടനം നടത്തിയത്. ദൂരെയൊരു കാലത്തേക്ക് വിരമിക്കലിനായി പണം മാറ്റിവെക്കുന്നതിനെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അത്തരം കാര്യങ്ങൾക്ക് വരുംകാലത്ത് യാതൊരു പ്രസക്തിയുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഊർജ്ജം, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ വൻ പുരോഗതി ഉൽപ്പാദനക്ഷമത കുത്തനെ കൂട്ടുമെന്നും, അതിന്റെ ഫലമായി ഏവർക്കും ആവശ്യമുള്ളതെന്തും ലഭ്യമാകുന്ന സമൃദ്ധമായ ഒരു സാഹചര്യം സംജാതമാകുമെന്നുമാണ് മസ്ക് പ്രതീക്ഷിക്കുന്നത്.
അത്തരമൊരു ലോകത്ത് ആർക്കും ഇന്നുള്ളതിനേക്കാൾ മികച്ച ചികിത്സ ലഭ്യമാകുമെന്നും ചരക്കുകളുടെയും സേവനങ്ങളുടെയും ലഭ്യതക്കുറവ് ഉണ്ടാകില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. സാങ്കേതിക വിദ്യയിലെ ഇത്തരം മാറ്റങ്ങൾ കാരണം വരുംകാലങ്ങളിൽ പരമ്പരാഗത നാണയങ്ങൾക്കും കറൻസികൾക്കും യാതൊരു പ്രധാന്യവും ഉണ്ടാകില്ലെന്നും മസ്ക് പ്രവചിക്കുന്നു. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് അടക്കമുള്ള മറ്റ് പ്രമുഖരും സമാനമായ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. റോബോട്ടുകൾ വീട് നിർമ്മിക്കുകയും ഭക്ഷണം ഉൽപ്പാദിപ്പിക്കുകയും ശസ്ത്രക്രിയകൾ നടത്തുകയും ചെയ്യുന്ന യഥാർത്ഥ സമൃദ്ധിയുടെ കാലത്തേക്ക് എഐ മനുഷ്യനെ നയിക്കുമെന്ന് ബിൽ ഗേറ്റ്സും അഭിപ്രായപ്പെട്ടിട്ടുണ്ട്.
എങ്കിലും, സാങ്കേതിക വിദ്യയുടെ ഈ പരിവർത്തന കാലഘട്ടം വലിയ തോതിലുള്ള തൊഴിൽ നഷ്ടത്തിനും അസ്ഥിരതയ്ക്കും കാരണമായേക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം, എലോൺ മസ്കിന്റെ ഈ പ്രവചനങ്ങൾ പൂർണ്ണമായും വിശ്വസിച്ച് ആരും റിട്ടയർമെന്റ് സേവിങ്സ് ഒഴിവാക്കരുതെന്നും മസ്ക് തെറ്റാകാനുള്ള സാധ്യത മുൻനിർത്തി ആളുകൾ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നത് തുടരണമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.









