വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ കാലാവധി അഥവാ ഷെൽഫ് ലൈഫ് ഉണ്ടായിരിക്കണമെന്ന് നിർബന്ധമാക്കി കേന്ദ്ര സർക്കാർ . കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച ഡ്രഗ്സ് (പതിമൂന്നാം ഭേദഗതി) ചട്ടങ്ങൾ 2026 പ്രകാരമാണ് ഈ പുതിയ തീരുമാനം കൈക്കൊണ്ടത്. 1945-ലെ ഡ്രഗ്സ് റൂൾസിലെ 31-ാം വിധി ഭേദഗതി ചെയ്തുകൊണ്ടാണ് രാജ്യം പുതിയ ഉത്തരവ് ഔദ്യോഗിക ഗസറ്റിലൂടെ പുറത്തുവിട്ടത്. മുൻപ് ഉണ്ടായിരുന്ന 60 ശതമാനം കാലാവധി വേണം എന്ന നിയമത്തിന് പകരമാണ് വ്യക്തമായ 12 മാസത്തെ കുറഞ്ഞ കാലാവധി നിഷ്കർഷിച്ചിരിക്കുന്നത്.
കാലാവധി കഴിയാറായ മരുന്നുകൾ വിപണിയിൽ എത്തുന്നത് തടയാനും രോഗികൾക്ക് ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കാനുമാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി. ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന തീയതി മുതൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ഉപയോഗയോഗ്യമായ മരുന്നുകൾക്ക് മാത്രമേ ഇനി ലൈസൻസിങ് അതോറിറ്റികൾ അനുമതി നൽകൂ. എന്നാൽ ബയോളജിക്കൽ മരുന്നുകൾക്കും റേഡിയോ ഫാർമസ്യൂട്ടിക്കൽ മരുന്നുകൾക്കും പ്രത്യേക നിബന്ധനകളോടെ ഇതിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. 1940-ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് നൽകുന്ന അധികാരമുപയോഗിച്ചാണ് ഗവൺമെന്റ് ഭേദഗതി പ്രാബല്യത്തിൽ വരുത്തിയത്.
പൊതുജനങ്ങളിൽ നിന്നും അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ച ശേഷമാണ് ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡുമായി ചർച്ച ചെയ്ത് ഭേദഗതി അന്തിമമാക്കിയത്. ഈ മാറ്റം മരുന്ന് വിതരണ ശൃംഖലയിലെ പ്രതിസന്ധികൾ കുറയ്ക്കാനും ആശുപത്രികൾക്കും വിതരണക്കാർക്കും സാവകാശം നൽകാനും സഹായിക്കും. അതോടൊപ്പം രാജ്യത്തെ ഔഷധ ഇറക്കുമതി കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ പുതിയ വ്യവസ്ഥകൾ വഴി സാധിക്കുമെന്ന് കേന്ദ്ര മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.








