ഡല്‍ഹി: രണ്ടു സന്നദ്ധ സംഘടനകള്‍ അനധികൃതമായി വിദേശത്തുനിന്ന് പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഒളിപ്പിച്ചതിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറിക്കെതിരെ സിബിഐ കേസെടുത്തു. സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെദല്വാദുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനകളുടെ ഫയലുകളാണ് അണ്ടര്‍ സെക്രട്ടറി ആനന്ദ് ജോഷി മുക്കിയത്. ആഭ്യന്തരമന്ത്രാലയം അധികൃതരുടെ പരാതിയെത്തുടര്‍ന്ന് ആനന്ദ് ജോഷിയുള്‍പ്പെടെയുള്ള ചിലരുടെ കേന്ദ്രങ്ങളില്‍ ശനിയാഴ്ച പരിശോധന നടന്നിരുന്നു.
ക്രമക്കേടിന് കൂട്ടുനിന്നുവെന്നും ക്രമവിരുദ്ധമായി വിദേശ പണം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഒത്തുതീര്‍പ്പിനായി നോട്ടിസ് നല്‍കിയെന്നും ആനന്ദ് ജോഷിക്കും, പേര് വെളിപ്പെടുത്താത്ത മറ്റു ചിലര്‍ക്കുമെതിരെ നേരത്തെ പരാതിയുണ്ടായിരുന്നു. ഇവര്‍ ചില സന്നദ്ധ സംഘടനകളില്‍നിന്ന് കോഴവാങ്ങിയതായി സംശയിക്കുന്നതായി സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഈ ഉദ്യോഗസ്ഥനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. നടപടിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചതായി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
നിയമപരമായ മാര്‍ഗനിര്‍ദേശങ്ങള്‍ മറികടന്നുകൊണ്ടു വിദേശപണം സ്വീകരിച്ചതിന് സന്നദ്ധ സംഘടനയായ സബ്രാംഗ് ട്രസ്റ്റിന്റെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികള്‍ക്കിടെയാണ് ഇതു സംബന്ധിച്ച ഫയലുകള്‍ കാണാതാവുന്നത്. 2015 സെപ്റ്റംബര്‍ ഒമ്പതിന് ഈ കമ്പനിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു. വിശദീകരണം നല്കാന് 180 ദിവസത്തെ സമയവും സംഘടനയ്ക്ക് നല്‍കിയിരുന്നു. ടീസ്ത സെദല്വാര് മറുപടി ഒക്ടോബറില്‍ നല്‍കുകയും ചെയ്തു. ഇതിനിടയിലാണ് ഫയലുകള്‍ കാണാതാവുന്നത്. തുടര്‍ന്ന് ഫയലുകള്‍ കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ വിവരം സിബിഐയെ അറിയിക്കുകയായിരുന്നു.
Discussion about this post