റിയോ ഡി ജനീറോ: ഇന്ത്യന്‍ കായിക സംഘത്തിനൊപ്പം ഒളിംപിക്സിനെത്തിയ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിനെതിരെ റിയോ ഒളിംപിക്സ് സംഘാടകര്‍. മന്ത്രിയുടെ മോശം പെരുമാറ്റം വെച്ചുപൊറുപ്പിക്കാനാകില്ലെന്നും അനുവാദമില്ലാത്തവരുമായി വന്നാല്‍ മന്ത്രിയുടെ അക്രഡിറ്റേഷന് റദ്ദാക്കുമെന്നും റിയോ ഒളിംപിക് സംഘാടകര്‍ മുന്നറിയിപ്പ് നല്കി.
റിയോയിലെ ഇന്ത്യന്‍ ചീഫ് ഡി മിഷന് രാഗേഷ് ഗുപ്തയ്ക്ക് നല്കിയ കത്തിലാണ് റിയോ ഒളിംപിക് സംഘാടക കമ്മിറ്റി കോണ്ടിനെന്റല് മാനേജര്‍ സാറാ പീറ്റേഴ്സണ് മന്ത്രിക്കെതിരെ പരാതി ഉന്നയിച്ചത്.
അക്രഡിറ്റഡ് മേഖലകളിലേക്ക് അനുവാദമില്ലാത്തവരുമായി നിങ്ങളുടെ കായിക മന്ത്രി പ്രവേശിക്കാന്‍ ശ്രമിച്ചതായി പലതവണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അധികൃതര്‍ തടഞ്ഞപ്പോള്‍ മന്ത്രിയുടെ കൂട്ടാളികള്‍ പരുഷമായി പെരുമാറുകയും സ്റ്റാഫിനെ പിടിച്ചുതള്ളുകയും ചെയ്തു. ഇത്തരം പെരുമാറ്റങ്ങള്‍ വെച്ചുപൊറുപ്പിക്കാനാവില്ല. പലതവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇത് ആവര്‍ത്തിക്കുകയാണ്. ഇന്നും ജിംനാസ്റ്റിക് വേദിയായ റിയോ ഒളിംപിക് അരീനയിലും കാര്യോക3 അരീനയിലും ഇതേ പെരുമാറ്റമുണ്ടായി.
ഇനിയും ഇതാവര്‍ത്തിച്ചാല്‍ മന്ത്രിയുടെ അക്രഡിറ്റേഷനും ഒളിംപിക്സ് വേദിയില്‍ മന്ത്രിക്കുള്ള മറ്റെല്ലാ പരിഗണനകളും എടുത്തുകളയുമെന്നും കത്തില്‍ അവര്‍ മുന്നറിയിപ്പ് നല്കി.
അതേസമയം, ആരോപണം മന്ത്രി നിഷേധിച്ചു. ഒളിംപിക് വളണ്ടിയര്‍മാരോടൊപ്പമാണ് താന്‍ ടീമംഗങ്ങളെ കാണാന്‍ പോയതെന്നും ഒളിംപിക്സിന്രെ എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ടെന്നും വിജയ് ഗോയല്‍ ട്വിറ്ററിലൂടെ അവകാശപ്പെട്ടു.
ഒളിംപിക് സംഘാടക സമിതിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് റിയോയിലെ ഇന്ത്യന്‍ ചീഫ് ഡി മിഷന് രാഗേഷ് ഗുപ്ത പറഞ്ഞു. ഇന്ത്യജപ്പാന്‍ മാച്ചിന് ശേഷം മന്ത്രിയെ ടീമംഗങ്ങളോടൊപ്പം വേദി പങ്കിടാന്‍ ക്ഷണിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി അശ്രദ്ധയോടെ വേദിയിലേക്ക് നീങ്ങിയെങ്കിലും പ്രത്യേക പാസ് വേണമെന്ന് അറിഞ്ഞതോടെ മടങ്ങി. ശേഷം വേദിക്ക് പുറത്തുവെച്ചാണ് ടീമംഗങ്ങളെ കണ്ടത്. മറ്റൊരു അവസരത്തില്‍ പാസ് വാങ്ങിയ ശേഷമാണ് ടീമംഗങ്ങളെ കണ്ടത്. ചെറിയ പ്രശ്നങ്ങള്‍ വലുതാക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post