മുംബൈ: പതഞ്ജലി ഉത്പന്നങ്ങളുടെ പുതിയ പരസ്യത്തില്‍ വിശുദ്ധ കുരിശ് ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ക്രിസ്ത്യന്‍ വോയിസ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചു. ഇന്ത്യക്കാരോട് വിദേശ ഉത്പന്നങ്ങള്‍ തിരസ്കരിക്കാന്‍ ആവശ്യപ്പെടുന്ന പരസ്യം ദേശീയ മാധ്യമത്തില്‍ ഈ അടുത്താണ് പുറത്തിറക്കിയത്. ഇത്തരം പരസ്യങ്ങള്‍ ക്രിസ്ത്യന്‍ വിഭാഗത്തിനു എതിരെ വിദ്വേഷം പടര്‍ത്തുമെന്ന് ചൂണ്ടികാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്. പരസ്യത്തിന്റെ നിരോധനത്തിനായി ബന്ധപ്പെട്ട മറ്റു പല വകുപ്പുകള്‍ക്കും കത്തയച്ചിട്ടുണ്ട്.
മതത്തിന്റെ പേരില്‍ വിഭജന രാഷ്ട്രീയമാണ് ബാബാ രാംദേവ് അവലംബിക്കുന്നതെന്നാണ് കത്തില്‍ അവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ അടയാളമായ വിശുദ്ധ കുരിശ് ചിത്രീകരിച്ചുകൊണ്ട് വിദേശ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനാണ് രാംദേവ് ആവശ്യപ്പെടുന്നത്. ഇന്ത്യയുടെ മതേതര അടിസ്ഥാനത്തിനെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് പുതിയ പരസ്യം എന്നും കത്തോലിക്ക് വിഭാഗത്തെ പ്രതിനിധീകരിച്ച് ഡോ.എബ്രഹാം മത്തായി പറഞ്ഞു.
കൂടാതെ വിദേശ ഉത്പന്നങ്ങള്‍ ഉപേക്ഷിക്കണമെന്ന ബാബാ രാംദേവിന്റെ ആവശ്യത്തോട് ഒരു എതിര്‍പ്പുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം പരസ്യത്തില്‍ വിശുദ്ധ കുരിശ് ഉപയോഗിച്ചത് ശക്തമായി എതിര്‍ക്കുന്നു എന്നും പറഞ്ഞു. ന്യൂനപക്ഷത്തിന് എതിരെ ഇത്തരം അജണ്ടകള്‍ പ്രചരിപ്പിച്ചാല്‍ അത് പള്ളികള്‍ക്കും മറ്റും നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post