കൊല്ലം: കൊല്ലം കോര്പ്പറേഷന് തേവള്ളി ഡിവിഷന് കൗണ്‍സിലറും ബിജെ പി പ്രവര്‍ത്തകയുമായ കോകില എസ്. കുമാര്‍, പിതാവ് സുനില്‍കുമാര്‍ എന്നിവരുടെ മരണത്തിന് ഇടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി പോലീസ് പിടിയില്‍. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ശക്തികുളങ്ങര പള്ളിക്ക് സമീപം കണ്ണിട്ട പുതുവലില്വീട്ടില് ടിറ്റു എന്ന സച്ചിന് വില്‍സണ്‍ (20), ശക്തികുളങ്ങര ഉദിക്കവിളവീട്ടില് രാജേഷ് കൃഷ്ണന് (26) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ നേരത്തേ അറസ്റ്റിലായ ശക്തികുളങ്ങര കുറുവിളത്തോപ്പ് ഡെന്നിസ് ഡെയ്ലില്‍ അഖില്‍ ഡെന്നിസി (20)നൊപ്പം അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്നവരാണ് ഇരുവരും.
കോകിലയും പിതാവും സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയതിനും പരിക്കേറ്റവരുടെ ജീവന് രക്ഷിക്കാന്‍ ശ്രമിക്കാത്തതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കാര്‍ ടിറ്റുവിന്റെ വീട്ടില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കൊല്ലം വെസ്റ്റ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
കോകിലയും അച്ഛനും സ്കൂട്ടറില്‍ വരുമ്പോള്‍, പടിഞ്ഞാറെ കൊല്ലം കാവനാട് ദേശീയപാതയില്‍ ആല്‍ത്തറമൂടിനുസമീപം സെപ്റ്റംബര്‍ 13ന് രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ പിന്നാലെ വന്ന കാര്‍ കോകിലയും അച്ഛനും സഞ്ചരിച്ച സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയി. കോകില സംഭവസ്ഥലത്തുവെച്ചും സുനില്‍കുമാര്‍ ബുധനാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചും മരിക്കുകയായിരുന്നു.
Discussion about this post