ഡല്‍ഹി: സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് സൗമ്യയുടെ മാതാവ് സുമതി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പ്രതി ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്നൊഴിവാക്കിയ സുപ്രീംകോടതി വിധി പുനഃപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ഗോവിന്ദച്ചാമിയ്ക്കെതിരെയുള്ള കൊലക്കുറ്റവും വധശിക്ഷയും പുനഃസ്ഥാപിക്കണമെന്നും കേസില്‍ തന്റെ വാദം കേള്‍ക്കണമെന്നും സുമതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
സൗമ്യവധക്കേസില്‍ കൊലക്കുറ്റത്തിന് ആവശ്യമായ തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് സുപ്രീം കോടതി പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത്. എന്നാല്‍ കൊലക്കുറ്റം തെളിയിക്കുന്നതിന് മതിയായ തെളിവുകളുണ്ടെന്ന് സൗമ്യയുടെ അമ്മ സുമതി സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 325ആം വകുപ്പ് പ്രകാരം മാത്രം ശിക്ഷ വിധിച്ചത് സൗമ്യ വധക്കേസില്‍ നിലനില്‍ക്കില്ലെന്ന വാദമാണ് സുമതി ഉന്നയിക്കുന്നത്. കേസ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ട്.
കേസ് പരിഗണിക്കുമ്പോള്‍ തന്റെ വാദം കേള്‍ക്കണമെന്നും ഹര്‍ജ്ജിയില്‍ സൗമ്യയുടെ അമ്മ ആവശ്യപ്പെട്ടു. പുനഃപ്പപരിശോധനാ ഹര്‍ജി നല്കാന് സംസ്ഥാന സര്‍ക്കാരും തയ്യാറെടുക്കുന്നുണ്ട്. വിധിയിലെ വസ്തുതാപരമായ തെളിവുകള്‍ ചൂണ്ടിക്കാട്ടി കൊലക്കുറ്റം സ്ഥാപിച്ചെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ വധശിക്ഷ ആവശ്യപ്പെടുന്ന കാര്യത്തില്‍ ഇടത് സര്‍ക്കാരിന് ആശയക്കുഴപ്പമുണ്ട്. ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്‍കണോ എന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തിനുള്ളില്‍ തന്നെ വിരുദ്ധാഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയായിരിക്കും സുപ്രീം കോടതിയില്‍ ഹാജരാകുക.
Discussion about this post