തിരുവനന്തപുരം: സ്വാശ്രയ കോളേജ് കോഴ വാങ്ങാനുള്ള അവസരം ഇല്ലാതാക്കിയതിലെ അസ്വസ്ഥതയാണ് കോണ്‍ഗ്രസിന്റെ സമരത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നേരത്തെ കോഴ വാങ്ങാനുള്ള സൗകര്യം ചില സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ ഇഷ്ടംപോലെ കോഴ വാങ്ങാനുള്ള സൗകര്യം ഇല്ലാതായി. ഇതില്‍ അസ്വസ്ഥരായവരാണ് ഇപ്പോഴത്തെ സമരത്തിന് പിന്നില്‍. യൂത്ത് കോണ്‍ഗ്രസ് സമരം ഇവരുടെ താല്പര്യം സംരക്ഷിക്കാനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് സമരത്തിന് ജനപിന്തുണയില്ലെന്നും ഹര്‍ത്താലിനെ എതിര്‍ത്തവര്‍ ഇപ്പോള്‍ ഹര്‍ത്താലിന്റെ മറവില്‍ അക്രമം അഴിച്ചുവിടുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സ്വാശ്രയ കരാറിന്റെ ഭാഗമായി പ്രത്യേക സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ സര്‍ക്കാര്‍ ഫീസായ 25,000 രൂപയ്ക്ക് മിക്കവാറും കോളെജുകളില്‍ ലഭ്യമായി. നേരത്തേ എട്ട് ലക്ഷം രൂപവരെ മാനേജമെന്റുകള്‍ വാങ്ങിയിരുന്ന സ്ഥലത്ത് 25,000 രൂപയ്ക്ക് കുട്ടികളെ പഠിപ്പിക്കാമെന്ന് സമ്മതിപ്പിക്കാന്‍ കഴിഞ്ഞു. ഈ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത്തരത്തില്‍ തീരുമാനത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് അഭിമനകരാണ്. നേരത്തെ പ്രഖ്യാപിക്കുന്ന ഫീസിന് പുറമെ മാനേജുമെന്റുകള്‍ പലവിധത്തില്‍ പണം വാങ്ങിയിരുന്നു. ഇതില്‍ അവര്‍ പ്രാവീണ്യവും നേടിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ അംഗീകരിച്ച ഫീസിന് പുറമെ ഒരു പൈസ പോലും അധികമായി വാങ്ങാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ പല പേരുകളിലും പല ഘട്ടങ്ങളിലും വിദ്യാര്‍ത്ഥികളില്‍നിന്ന് കനത്ത തുക ഈടാക്കുന്ന നിലയുണ്ടായിട്ടുണ്ട്. ഈ അവസ്ഥയാണ് മാറിയത്. ഇത് ഇത്തരത്തില്‍ പണമുണ്ടാക്കിയവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് സ്വാഭാവികമാണ്. അതില്‍ ഒരു രാഷ്ട്രീയ സംഘടന എന്ന നിലയില്‍ കോണ്‍ഗ്രസിനും യുവജന സംഘടന എന്ന നിലയില്‍ യൂത്ത് കോണ്‍ഗ്രസിനും എന്തിനാണ് അസ്വസ്ഥത. അന്യായമായ നിലയില്‍ പണം വാങ്ങാന്‍ കഴിയാത്തതിലെ അസ്വസ്ഥത അത് ബാധകമാകുന്നവരല്ലേ പ്രകടിപ്പിക്കേണ്ടത്?
നേരത്തെ നല്ല പണത്തിന്റെ സ്വാധീനത്തില്‍ പ്രവേശനം അനുവദിക്കുന്ന നിലയുണ്ടായിരുന്നു. ഇത് തിരുത്താനായി. അതിലൂടെ കൂട്ടികളുടെ താല്പര്യം സംരക്ഷിക്കാനായി. മുമ്പ് കാശുവാങ്ങി തോന്നിയതുപോലെ പ്രവേശനം നടത്തിയ രീതി തിരുത്താനായി. ഇതിലെന്തിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്ക്കുന്ന വിഭാഗം, പട്ടികജാതി പട്ടികവര്‍ഗ, ബിപിഎല്‍ കുടുംബങ്ങളില്‍നിന്ന് വരുന്ന കുട്ടികള്‍ക്ക് കൂടുതല്‍ പഠിക്കാനുള്ള അവസരമായി. ഇതില്‍ എന്തിനാണ് കോണ്‍ഗ്രസ് അസ്വസ്ഥരാകുന്നത്.
മുമ്പ് എട്ട് ലക്ഷം കൊടുക്കേണ്ട സ്ഥാനത്ത് രണ്ടര ലക്ഷം കൊടുത്തല് മതി, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 25000 ഫീസ് കൊടുത്താല്‍ മതിയെന്ന നിലയാണ് ഉള്ളത്. ഇങ്ങനെ 1150 സീറ്റ് കൂടി. ഈ വര്‍ധനയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ പ്രവേശനം ലഭിച്ചത്. ഇതില്‍ എന്തിനാണ് കോണ്‍ഗ്രസ് അസ്വസ്ഥമാകുന്നത്. 20 ശതമാനം കുട്ടികള്‍ക്ക് 25,000 ഫീസിലാണ് പഠിക്കാനായത്. ഈ ഫീസില്‍ ഒരു വര്‍ധനയും വരുത്തിയിട്ടില്ല. എന്നാല്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം കൂടി. കരാറില്‍ കൂടുതല്‍ കോളെജുകള്‍ കരാറില്‍ ഒപ്പിട്ടതോടെ കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്ന സാഹചര്യമുണ്ടായി. അതിലൂടെ കുറഞ്ഞ ഫീസില്‍ പഠിക്കാനുള്ള സൗകര്യം ഈ കൂടുതല്‍ കുട്ടികള്‍ക്ക് ലഭിച്ചു. 25,000 രൂപയില്‍ കൂടുതല്‍ കുട്ടികള്‍ക്ക് പഠിക്കാനാകുന്നതില്‍ എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത്.
യുഡിഎഫിന്റെ കാലത്ത് കരാര്‍ ഒപ്പിട്ടപ്പോള്‍ അതിന് ഒരു വിലയും കല്‍പ്പിക്കാതെ സ്വന്തം നിലയില്‍ ഫീസ് ഈടാക്കാന്‍ മാനേജമെന്റുകളെ അനുവദിച്ചു. ഇതും ഇത്തവണ നിര്‍ത്തലാക്കി. ബാക്കിവരുന്ന കുട്ടികള്‍ രണ്ടര ലക്ഷം രൂപ നിരക്കില്‍ കുട്ടികളെ ചേര്‍ക്കുന്നു. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് ഇത്തവണ ഫീസ് കൂടി. നേരത്തെ 800 സീറ്റ് ആയിരുന്നു. ഇപ്പോള്‍ 1150ലേറെ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമായി. ബാക്കിയുള്ള 50 ശതമാനം മാനേജുമെന്റ് തോന്നിയതുപോലെ പ്രവേശിപ്പിച്ചിരുന്നത് ഇത്തവണ മെറിറ്റ് അടിസ്ഥാനത്തില്‍ നിയമിക്കുന്ന നിലയുണ്ടായി. പണത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന സ്ഥതിയായി. നേരത്തെ എന്‍ട്രന്‍സ് ലിസ്റ്റില്‍ പേര് വന്നാല്‍ പണത്തിന്റ അടിസ്ഥാനത്തില്‍ ഏറ്റവും പിന്നിലുള്ള വിദ്യാര്‍ത്ഥിക്കു പോലും പ്രവേശനം ലഭിക്കുമായിരുന്നു. ഈ സ്ഥിതിക്ക് മാറ്റമായി. മാത്രമല്ല, പരാതി വന്നാല്‍ ജെയിംസ് കമ്മിറ്റി പരിശോധിക്കുന്ന നിലയുണ്ട്. അത് പൂര്‍ണ്ണമായും നടപ്പാക്കും. ഇപ്പോള്‍ തന്നെ ചില പരാതികള്‍ ലഭിച്ചപ്പോള്‍ ജെയിംസ് കമ്മിറ്റി പരിശോധിച്ചിട്ടുണ്ട്. ഇതില്‍ എന്തിനാണ് കോണ്‍ഗ്രസിനെ പോലുള്ള ഒരു പാര്‍ട്ടി വേവലാതി പെടുന്നത്.
മാനെജുമെന്റ് സീറ്റില്‍ പോലും ഇത്തവണ മെരിറ്റ് അടിസ്ഥാനത്തിലേ പ്രവേശിപ്പിക്കാനാകൂ. അതില്‍ മാനേജുമെന്റിന് വിഷമം കാണും. അവരേക്കാള്‍ എന്തിനാണ് കോണ്‍ഗ്രസിന് വിഷമം. ആരുടെ താല്പര്യം സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് ഈ സമരം നടത്തുന്നത്. മാനേജുമെന്റ് ഒരുകോടി രൂപവരെ കോഴ വാങ്ങി പ്രവേശനം നടത്തുന്ന രീതിയുണ്ടായി എന്നാണ്. ഇത്തവണ മാനേജുമെന്റില്‍നിന്ന് 350 സീറ്റുകള്‍ സര്‍ക്കാരിന് ലഭിക്കുന്നുണ്ട്. അതായാത് 350 കോടി രൂപ മാനേജുമെന്റിന് ഉണ്ടാക്കാവുന്നതാണ് ഇത്തവണ ഇല്ലാതായത്. അതെങ്ങനെയാണ് കുറ്റകരമായി മാറുന്നത്. കോടിക്ക് വില്‍ക്കാനുള്ള സീറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുകയും 25,000 രൂപയ്ക്ക കൊടുക്കുകുയം ചെയ്യുന്നത് എങ്ങനെയാണ് കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കുന്നത്. സര്‍ക്കാര്‍ സ്വീകരിച്ച നയം എങ്ങനെയാണ് വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിത്വത്തിലാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മെരിറ്റ ്അടിസ്ഥാനത്തില്‍ പ്രവേശനം ഉറപ്പാക്കാന്‍ സര്‍ക്കാരിനായിട്ടുണ്ട്. അമിത ഫീസ് കൊടുത്ത പഠിക്കേണ്ട നില ഉണ്ടാകില്ലെന്നതാണ് സര്‍ക്കാര്‍ നയം. ഇത് വിദ്യാര്‍ത്ഥികള്‍ക്കും ബഹുജനങ്ങള്‍ക്കും മനസ്സിലായിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ കരിങ്കൊടി കാണിച്ചവര്‍ ചാനലുകാര് വാടകയ്ക്ക് എടുത്തവരാണെന്ന് താന്‍ പറഞ്ഞത് തന്റെ തോന്നല്‍ മാത്രമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിന്റെ കന്റോണ്‍മെന്റ് ഗേറ്റില്‍ നിന്ന് കാറില്‍ വരുമ്പോള്‍ ഇടത് വശത്ത് നിന്ന് ചില കാമറാന്മാര് ഓടി വരുന്നത് കണ്ടു. വലതു വശത്തേക്ക് നോക്കിയപ്പോള്‍ കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓടി വരുന്നത് കണ്ടു. യൂത്ത് കോണ്‍ഗ്രസുകാരാണെങ്കില്‍ ആളില്ലാത്ത സംഘടനയല്ലല്ലോ എന്നാണ് താന്‍ അപ്പോള്‍ ആലോചിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചാനലുകാരില്‍ തന്നെ ചില വിരുതന്മാരുണ്ട്. മുമ്പ് അവര്‍ പല വിദ്യകളും കാണിച്ചിട്ടുണ്ട്. ആ തോന്നല്‍ മനസില്‍ ഉണ്ടായിരുന്നതു കൊണ്ടാണ് കരിങ്കൊടി കാണിച്ചത് ചാനലുകാര് വാടകയ്ക്ക് എടുത്തവരാണെന്ന് താന്‍ പറഞ്ഞത്. ആ തോന്നല്‍ നിയമസഭയിലും പറഞ്ഞെന്നേയുള്ളൂ. കരിങ്കൊടി കാണിച്ചത് യൂത്ത് കോണ്‍ഗ്രസുകാരാണെന്ന് കോണ്‍ഗ്രസ് പറഞ്ഞാല്‍ പിന്നെ തര്‍ക്കമില്ല. താന്‍ ഒരു കാലത്തും മാദ്ധ്യമങ്ങളെ ആക്ഷേപിച്ചിട്ടില്ലെന്നും പിണറായി വിശദീകരിച്ചു.
യൂത്ത് കോണ്‍ഗ്രസിന്റെ സമരപ്പന്തലിലേക്ക് ഗ്രനേഡ് പ്രയോഗിച്ചിട്ടില്ല. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പൊലീസ് കണ്ണീര് വാതക ഷെല്‍ പ്രയോഗിച്ചിട്ടുണ്ടാവാം. അത് വീണ് പൊട്ടിയപ്പോള്‍ ഉണ്ടായ പുക കാറ്റടിച്ചപ്പോള്‍ സമരപ്പന്തലിലേക്ക് എത്തി. കാറ്റിനെ ആര്‍ക്കും തടയാനാവില്ലല്ലോ. അപ്പോഴായിരിക്കാം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനും വൈസ് പ്രസിഡന്റ് സി.ആര്.മഹേഷിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അവരെ പൊലീസ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. യു.ഡി.എഫിന്റെ കാലത്ത് ഗ്രനേഡ് പ്രയോഗിച്ചതിനെ തുടര്‍ന്ന് സി.ദിവാകരന്, വി.എസ്.അച്യുതാനന്ദന് എന്നിവര്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടത് ആരും മറന്നിട്ടില്ലെന്നും പിണറായി പറഞ്ഞു.
സഭയുടെ ഗൗരവത്തെയാണ് പ്രതിപക്ഷം ഇടിച്ചുനിരത്തുന്നത്. അതോടൊപ്പം തെരുവില്‍ ആക്രമണവും നടത്തുന്നു. ഇത് രണ്ടും ജനാധിപത്യ രീതിക്ക് ചേര്‍ന്നതല്ല. ഏറ്റവും പരിഹാസ്യമായത് ഇന്നത്തെ ഹര്‍ത്താലാണ്. ഹര്‍ത്താലിനെ മൊത്തത്തില്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ ഇന്ന് നടന്ന ഹര്‍ത്താലിന്റെ പുകിലൊന്ന് ആലോചിച്ചുനോക്കൂ. രമേശ് ചെന്നിത്തലയാണല്ലോ ഹര്‍ത്താലിനെതിരെ ബില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. വെബ്സൈറ്റിലൂടെ ഹര്‍ത്താലിനെ കുറിച്ച് പൊതുജനാഭിപ്രായം തേടിയവരാണിവര്‍. ഇത് ഇരട്ടത്താപ്പാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
Discussion about this post