തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ സര്‍ക്കാര്‍ അഭിഭാഷക നിയമനത്തിലും നേതാക്കളുടെ ബന്ധുക്കള്‍ കയറിപ്പറ്റിയെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം എം.സി.ജോസഫൈന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്കി.
അഭിഭാഷക സ്ഥാനങ്ങള്‍ സിപിഎം നേതാക്കളുടെ ബന്ധുക്കളും ഭാര്യമാരും കൈയ്യടക്കി. പിണറായിയുടെ ബന്ധുവിനെ അടക്കം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകരായി നിയമിച്ചത് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. ഇത് സംബന്ധിച്ച് പാര്‍ട്ടി ഗൗരവമായ പരിശോധന നടത്തണമെന്നും എഴുതി നല്കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.
ഹൈക്കോടതിയിലെ അഭിഭാഷക നിയമനം സംബന്ധിച്ച് ജോസഫൈന് കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പരാതി അറിയിച്ചിരുന്നു. അങ്കമാലിയിലെ ഒരു പ്രമുഖ അഭിഭാഷകയെ സര്‍ക്കാര്‍ അഭിഭാഷകയായി നിയമിക്കണമെന്ന് ജോസഫൈന് ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളുകയും കോണ്‍ഗ്രസ് അനുഭാവമുള്ള മറ്റൊരു അഭിഭാഷകയെ നിയമിക്കുകയും ചെയ്തതായാണ് സൂചന.
സാധാരണ പ്രവര്‍ത്തകരെ തഴഞ്ഞ് എറണാകുളം ജില്ലയിലെ പല നേതാക്കളുടെയും ഭാര്യമാരും ബന്ധുക്കളും അടക്കമുള്ളവര്‍ക്ക് ഇത്തരത്തില്‍ നിയമനം നല്‍കിയതായി ജില്ലാ ഘടകങ്ങളില്‍നിന്ന് പരാതി ഉയരുന്നുണ്ട്. ടെല്‍ക് ചെയര്‍മാനാവുന്ന എന്‍.സി മോഹനന്റെ ഭാര്യ രേഖ സി.നായരെ മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകക്കുന്നതിനെതിരെ പെരുമ്പാവൂരില്‍നിന്ന് എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.
ഇതിനിടെ. യോഗ്യതയില്ലാതെ പൊതുമേഖലാ സ്ഥാപനത്തിന്റെ എംഡിയായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന് എസ്ആര്‍ വിനയകുമാര്‍ സര്‍വീസില്‍ തുടരുന്നത് വിവാദമായിട്ടുണ്ട്. . യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയാണ് വിനയകുമാര്‍. റിയാബ് നിശ്ചയിച്ച യോഗ്യത വിനയകുമാറിന് ഇല്ലെന്നാണ് ആരോപണം. അതിനിടെ, നിയമന വിവാദത്തില്‍ മന്ത്രി ഇപി ജയരാജനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് മറ്റന്നാള്‍ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.
വൈദ്യുതി വകുപ്പിന് വേണ്ട ഉല്പന്നങ്ങള് നിര്‍മിക്കുന്ന വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഇതിന്റെ സുപ്രധാന തസ്തികയിലാണ് കോടിയേരിയുടെ അടുത്ത ബന്ധു വിനയകുമാറിനെ നിയമിച്ചത്. വിനയകുമാറിന് കരകൗശല കോര്‍പ്പറേഷന്റെ അധിക ചുമതല കൂടി നല്‍കാനും ആലോചനയുണ്ടായിരുന്നു.എന്നാല്‍ ഇത് നടന്നില്ല.
സ്വന്തക്കാരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിച്ച മന്ത്രി ഇപി ജയരാജന്റെ നടപടി പാര്‍ട്ടിയെയും ല്‍െഡിഎഫ് സര്‍ക്കാരിനെയും വെട്ടിലാക്കിയിരിക്കെയാണ് കൂടുതല്‍ ബന്ധുനിയമനങ്ങള്‍ പുറത്തുവരുന്നത്. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എംപിയുടെ മകന് പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതാണ് വിവാദ ബന്ധുനിയമന പട്ടികയില്‍ ഒന്ന്. മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യാസഹോദരിയാണ് പി.കെ. ശ്രീമതി. ഇതിന് ന്യായീകരണമായി ജയരാജന് നടത്തിയ പ്രതികരണവും ഏറെ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു. പാര്‍ട്ടി അനുഭാവികളടക്കം രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ഇടപെട്ട് നിയമനം റദ്ദാക്കുകയും ചെയ്തു.
സുധീര്‍ നമ്പ്യാര്‍ക്ക് പുറമെ മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ചെറുമകന് സൂരജ് രവീന്ദ്രനെ കിന്‍ഫ്രാ ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക് മാനേജിങ് ഡയറക്ടറായും സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റെ മകന് ജീവ് ആനന്ദനെ കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് എം.ഡിയായും മുന്‍ എം.എല്‍.എ. കോലിയക്കോട് കൃഷ്ണന്‍നായരുടെ മകന് ഉണ്ണികൃഷ്ണനെ കിന്‍ഫ്ര ജനറല്‍ മാനേജറായും നിയമിച്ചിട്ടുണ്ട്. ഈ നിയമനങ്ങള്‍ റദ്ദാക്കിയിട്ടില്ല. അതിനിടെ, ഗവണ്മെന്റ് പ്ലീഡര്‍ നിയമനത്തിലും സിപിഐഎം നേതാക്കളുടെ ബന്ധുക്കള്‍ക്കാണ് മുന്‍ഗണന കിട്ടിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
അതിനിടെ, സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്ത വിവാദത്തില്‍ മന്ത്രി ഇപി ജയരാജനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് മറ്റന്നാള്‍ തിരുവനന്തപുരത്ത് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും. തിരുത്തല്‍ പ്രക്രിയ തുടങ്ങിക്കഴിഞ്ഞെന്നും വിവാദ നിയമനങ്ങള്‍ റദ്ദാക്കുന്നതില്‍ ഒതുങ്ങുന്നതല്ല നടപടികളെന്നുമാണ് കേന്ദ്ര നേതാക്കള്‍ പറയുന്നത്. വിവാദമായിരിക്കുന്ന എല്ലാ നിയമനങ്ങളും പുനഃപരിശോധിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
Discussion about this post