തൃശൂര്‍: വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തിയതിന് സി.പി.എം. ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരേ കേസെടുത്തു. ഡി.ജി.പിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഐ.പി.സി228 എ വകുപ്പുപ്രകാരം തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസാണു കേസെടുത്തത്. രണ്ടുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പാണിത്. പോലീസ് സ്റ്റേഷനില്‍നിന്നു ജാമ്യം ലഭിക്കുമെങ്കിലും കോടതിക്കു പുറത്തു കേസ് രാജിയാക്കാന്‍ കഴിയില്ല.
ബലാത്സംഗത്തിന് ഇരയായ യുവതിയുടെ പേരു വെളിപ്പെടുത്തിയതു ശിക്ഷാര്‍ഹമായ കുറ്റമാണെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അടക്കമുളളവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ ആരോപണം നേരിടുന്ന വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ കൂടിയായ പാര്‍ട്ടി അംഗം പി.എന്‍. ജയന്തനെതിരേ കൈക്കൊണ്ട അച്ചടക്ക നടപടി മാധ്യമങ്ങളോടു വിശദീകരിക്കുന്നതിനിടെയാണ് രാധാകൃഷ്ണന് യുവതിയുടെ പേരു വെളിപ്പെടുത്തിയത്. പ്രതിയായ ജയന്തന്റെ പേരു പറയാമെങ്കില്‍ ഇതും പറയാമെന്നായിരുന്നു രാധാകൃഷ്ണന്റെ ന്യായീകരണം.
പരാമര്‍ശം വിവാദമായതോടെ ഘടകകക്ഷിയായ സി.പി.ഐ. ഉള്‍പ്പെടെയുളള വിവിധ പാര്‍ട്ടികള്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സി.പി.എം. ദേശീയനേതൃത്വവും രാധാകൃഷ്ണന്റെ പ്രസ്താവന തെറ്റാണെന്നു ചൂണ്ടിക്കാട്ടി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിമര്‍ശനമുന്നയിച്ചിരുന്നു. ദേശീയവനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. കേസ് എടുത്തതോടെ രാധാകൃഷ്ണന്റെ ജില്ലാ സെക്രട്ടറി പദവിയും ചോദ്യത്തിലായി. ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ ജില്ലാ സെക്രട്ടറി പദവി ഒഴിയേണ്ട അവ്സഥയിലാണ്. സംശുദ്ധ പ്രതിഛായയുളള നേതാവ് എന്ന പരിവേഷമുളളതിനാല് രാധാകൃഷ്ണന് പദവി ഒഴിയാന്‍ തയാറാകുമെന്നാണു കരുതുന്നത്.
Discussion about this post