ഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ് എന്‍ജിഒ ഫണ്ട് വകമാറ്റിയെന്ന് ഗുജറാത്ത് പോലീസ്. 2002ലെ ഗുജറാത്ത് കലാപത്തിന്റെ ഇരകളെ സഹായിക്കാനായി ലഭിച്ച സംഭാവനയില് നിന്ന് നാല് കോടിയോളം രൂപ ടീസ്റ്റ സെറ്റല്‍വാദ് സ്വകാര്യ ആവശ്യങ്ങള്ക്കുപയോഗിച്ചതായി ഗുജറാത്ത് പോലീസ് പറഞ്ഞു. ഇതിനാവശ്യമായ തെളിവുകള്‍ ലഭിച്ചതായും പോലീസ് സുപ്രീംകോടതിയെ അറിയിച്ചു.
ടീസ്റ്റയും ഭര്‍ത്താവ് ജാവേദ് ആനന്ദും കലാപത്തിന്റെ ഇരകള്‍ക്കായി സമാഹരിച്ച തുകയില്‍ നിന്ന് 3.85 കോടി രൂപ ഇവരുടെ ആവശ്യങ്ങള്‍ക്കായി വകമാറ്റി ചിലവഴിച്ചു എന്നാണ് ഗുജറാത്ത് പോലീസ് പറയുന്നത്. ഇവരുടെ ഉടമസ്ഥതതയിലുള്ള ജസ്റ്റിസ് ആന്‍ഡ് പീസ് എന്ന ട്രസ്റ്റിന്റെയും സബ് രംഗ് എന്ന എന്‍.ജിഒയുടെയും പേരിലാണ് സംഭാവനകള്‍ വന്നത്.
പോലിസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 83 പേജുള്ള സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്. കലാപത്തിന്റെ ഇരകളെ സഹായിക്കാനായി 9.75 കോടിയോളം രൂപയാണ് ഇവര്‍ സംഭാവനയായി സ്വീകരിച്ചത്. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്ന കലാപത്തിന്റെ ഇരകള്‍ക്ക് ഇവര്‍ വാഗ്ദാനം നല്കിയതുപോലെ സാമ്പത്തിക സഹായം നല്‍കിയിട്ടില്ലെന്നും പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
രണ്ട് എന്‍.ജി.ഒകളുടെയും ബാങ്ക് അക്കൗണ്ട് പരിശോധിച്ചതില്‍ നിന്ന് 2007 മുതല്‍ 2014 വരെ 9.75 കോടിരൂപ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ തുകയില്‍ നിന്ന് 3.85 കോടി സ്വന്തം ആവശ്യങ്ങള്‍ക്കായി ഇവര്‍ വിനിയോഗിച്ചു എന്ന് പോലീസ് പറയുന്നു. 2001 ജനവരി 1 നാണ് മുംബൈ യുണൈറ്റഡ് ബാങ്ക് ശാഖയില്‍ ഇവര്‍ രണ്ട് അക്കൗണ്ടുകളും തുറന്നത്. എന്നാല്‍ 2002 ഡിസംബര്‍ 31 വരെ നിക്ഷേപങ്ങള്‍ ഒന്നും എത്തിയിരുന്നില്ല. 2003 ജനവരി മുതല്‍ 2013 ഡിസംബര്‍ വരെ ജാവേദ് ആനന്ദ് 96.43 ലക്ഷവും ടീസ്റ്റ സെറ്റല്‍വാദ് 1.53 കോടിയും അക്കൗണ്ടുകളില്‍ നിക്ഷേപിച്ചു.
മാത്രമല്ല 2011 ഫിബ്രവരി മുതല്‍ 2012 ജൂലായ് വരെയുള്ള കാലയളവില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നല്കിയ 1.40 കോടി രൂപയുടെ ഗ്രാന്റും ഇവര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. രണ്ട് എന്‍ജിഓകളുടെയും മൂന്ന് ബാങ്ക് അക്കൗണ്ടുകളേക്കുറിച്ച് മാത്രമാണ് അന്വേഷണ സംഘത്തിന് വിവരങ്ങളുള്ളതെന്നും 2014 ജനവരി 23ന് ഈ മുന്ന് അക്കൗണ്ടുകളിലെ വിവരങ്ങള്‍ പിടിച്ചെടുത്തതിന് പിന്നാലെ ഒറ്റ ദിവസം കൊണ്ട് ഈ മൂന്ന് അക്കൗണ്ടുകളില്‍ നിന്ന് 36 ലക്ഷം രൂപ വേറെ ഏതോ അക്കൗണ്ടിലേക്ക് ഡിമാന്‍ഡ് ഡ്രാഫ്റ്റ് വഴി മാറ്റിയെന്നും പോലീസ് പറയുന്നു. എന്നാല്‍ ഇവയേക്കുറിച്ച് തങ്ങളുടെ പക്കല്‍ വിവരങ്ങളില്ലെന്നും പോലീസിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.
വിഷയത്തില്‍ നേരത്തെ ഗുജറാത്ത് ഹൈക്കോടതി ഇവരുട ജാമ്യാപേക്ഷ തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ച ഇവരുടെ അറസ്റ്റ് തടഞ്ഞെങ്കിലും അന്വേഷണ സംഘങ്ങള്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കണമെന്ന് വ്യവസ്ഥ വെച്ചു. എന്നാല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് ഗുജറാത്ത് പോലീസ് തങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുന്നതായി പരാതിപ്പെട്ടിരുന്നു.
Discussion about this post