മുംബൈ: ശബരിമലയില്‍ പോകുന്നുണ്ടെങ്കില്‍ പരസ്യമായി പ്രഖ്യാപിക്കുകയും പൊലീസിനെയും സര്‍ക്കാരിനെയും അറിയിക്കുകയും ചെയ്യുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇപ്പോള്‍ താന്‍ പൂനെയില്‍ തന്നെയുണ്ടെന്നും തൃപ്തി വ്യക്തമാക്കി. സ്ത്രീകള്‍ക്കു വിലക്കുള്ള സ്ഥലങ്ങളില്‍ പ്രവേശനം നടത്തി സമരങ്ങള്‍ക്കു നേതൃത്വം നല്കുന്ന അവര്‍ ശബരിമലയിലേക്കു പുറപ്പെട്ടുവെന്ന അഭ്യൂഹം പ്രചരിച്ച സാഹചര്യത്തിലാണു വിശദീകരണം.
തൊടുപുഴയില്‍ തൃപ്തിയെ കണ്ടതായി ശബരിമല തീര്ഥാടകന് പത്തനംതിട്ട ജില്ലാ സ്പെഷല്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ പൊലീസ് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ശബരിമലയില്‍ പോകാന്‍ തന്നെയാണു തീരുമാനമെന്നു തൃപ്തി വ്യക്തമാക്കി. തീയതി ഉടന്‍ പ്രഖ്യാപിക്കും. ഭൂമാതാ ബ്രിഗേഡ് സംഘടനയിലെ, മഹാരാഷ്ട്രയില്‍ നിന്നുള്ള നൂറോളം വനിതാ പ്രവര്‍ത്തകരും ഒപ്പമുണ്ടാകും. പല കോണുകളില്‍ നിന്ന് എതിര്‍പ്പുണ്ടെന്നു മനസ്സിലാക്കുന്നു. എതിര്‍ക്കുന്നവര്‍ക്ക് അവരുടെ വാദം പറയാനുള്ള അവകാശമുണ്ടെന്നും തൃപ്തി വ്യക്തമാക്കി.
എന്നാല്‍, സ്ത്രീ പ്രവേശനത്തിനുള്ള അനുമതിക്കായാണു ശ്രമം. സ്വാമി അയ്യപ്പനെ ബഹുമാനിക്കുന്ന ആളാണു ഞാന്‍. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന ആളെന്ന നിലയില്‍ അതനുസരിച്ചു തന്നെയാണു പ്രവര്‍ത്തിക്കുന്നതെന്നും തൃപ്തി ദേശായി പറഞ്ഞു.
Discussion about this post