കൊച്ചി : ദി കേരള സ്റ്റോറി എന്ന സിനിമയ്‌ക്കെതിതെ ഇടത് സംഘടനകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തുന്നതിനിടെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ നടത്തിയ പ്രസ്താവനയിൽ സിപിഎം ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്ന ചോദ്യവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. 20 വർഷം കൊണ്ട് കേരളത്തെ ഇസ്ലാമിക രാജ്യമാക്കാൻ വേണ്ടി ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഹിന്ദു പെൺകുട്ടികളെ മതം മാറ്റാനായി അവരിലെ ചെറുപ്പക്കാർ പണിയെടുക്കുന്നുണ്ടെന്നുമാണ് 13 വർഷങ്ങൾക്ക് മുമ്പ് വി.എസ് പറഞ്ഞത്. കേരള സ്റ്റോറി എന്ന സിനിമയിൽ കേരളത്തെ തീവ്രവാദത്തിന്റെ കേന്ദ്രമാണെന്ന് സമർത്ഥിക്കാൻ വേണ്ടി വി.എസിന്റെ പ്രസ്താവനയെ ആണ് ആശ്രയിച്ചിരിക്കുന്നത് എന്ന് സലാം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ കുറേ കാലമായി ലൗ ജിഹാദ് സമർത്ഥിക്കാൻ വേണ്ടി വി.എസ്സിന്റെ ഈ പ്രസ്താവനയെ ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ 33,000 പെൺകുട്ടികളെ കേരളത്തിൽനിന്ന് കാണാതായി എന്ന നുണക്കഥ പറഞ്ഞുകൊണ്ടാണ് സിനിമ പുറത്തിറങ്ങുന്നത്. ഈ സിനിമയുടെ ട്രെയിലറിലും വി.എസ്സിനെയാണ് ഔദ്യോഗിക സ്രോതസ്സായി ഉയർത്തിക്കാട്ടുന്നത്. വി.എസിന്റെ പ്രസ്താവനയെ സി.പി.എം തള്ളിപ്പറയാത്തത് കൊണ്ട് വലിയ പ്രത്യാഘാതമാണ് സമൂഹത്തിലുണ്ടായത്. സിനിമ വിവാദങ്ങൾക്ക് തിരികൊളുത്തിയ സാഹചര്യത്തിൽ വിഎസിന്റെ അഭിപ്രായത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് സി.പി.എം വ്യക്തമാക്കേണ്ടതുണ്ടെന്നും സലാം വ്യക്തമാക്കി
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദൻ 2010ൽ നടത്തിയ പ്രസ്താവനയെ ഉദ്ധരിച്ച് പുറത്തിങ്ങാൻ പോകുന്ന സംഘ്പരിവാർ അനുകൂല സിനിമ വിവാദങ്ങൾക്ക് തിരികൊളുത്തിയ സാഹചര്യത്തിൽ ആ അഭിപ്രായത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് സി.പി.എം വ്യക്തമാക്കേണ്ടതുണ്ട്. 20 വർഷം കൊണ്ട് കേരളത്തെ ഇസ്ലാമിക രാജ്യമാക്കാൻ വേണ്ടി ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഹിന്ദു പെൺകുട്ടികളെ മതം മാറ്റാനായി അവരിലെ ചെറുപ്പക്കാർ പണിയെടുക്കുന്നുണ്ടെന്നുമാണ് 13 വർഷങ്ങൾക്ക് മുമ്പ് വി.എസ് പറഞ്ഞത്. കേരളത്തെ തീവ്രവാദത്തിന്റെ കേന്ദ്രമായും ഐ.എസ് റിക്രൂട്ട്‌മെന്റ് സെന്ററായും അവതരിപ്പിക്കുന്ന കേരള സ്റ്റോറി എന്ന സംഘ്പരിവാർ സ്‌പോൺസേഡ് സിനിമയിൽ ഈ വാദം സമർത്ഥിക്കാൻ വേണ്ടി വി.എസിന്റെ പ്രസ്താവനയെ ആണ് ആശ്രയിച്ചിരിക്കുന്നത്.
ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുനയിൽ നിർത്തുന്നതായിരുന്നു വി.എസിന്റെ പ്രസ്താവന. സംഘ്പരിവാർ പ്രൊപ്പഗണ്ടയെ ഔദ്യോഗികമായി അവതരിപ്പിക്കുകയാണ് വി.എസ് അച്യുതാനന്ദൻ ചെയ്തത്. ലൗ ജിഹാദ് സമർത്ഥിക്കാൻ വേണ്ടി കഴിഞ്ഞ കുറേ കാലമായി സംഘ്പരിവാർ കേന്ദ്രങ്ങൾ വി.എസ്സിന്റെ ഈ പ്രസ്താവനയെ ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ 33,000 പെൺകുട്ടികളെ കേരളത്തിൽനിന്ന് കാണാതായി എന്ന നുണക്കഥ പറഞ്ഞുകൊണ്ടാണ് സിനിമ പുറത്തിറങ്ങുന്നത്. ഈ സിനിമയുടെ ട്രെയിലറിലും വി.എസ്സിനെയാണ് ഔദ്യോഗിക സ്രോതസ്സായി ഉയർത്തിക്കാട്ടുന്നത്. വി.എസ്സിന്റെ പ്രസ്താവനയെ സി.പി.എം തള്ളിപ്പറയാത്തത് കൊണ്ട് വലിയ പ്രത്യാഘാതമാണ് സമൂഹത്തിലുണ്ടായത്. ഇനിയെങ്കിലും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ സി.പി.എം തയ്യാറാവണം. മതസ്പർധയുണ്ടാക്കുന്ന ഈ സിനിമയുടെ പ്രദർശനത്തിന് അനുമതി നൽകരുത്.
പി.എം.എ സലാം.











