കൊച്ചി: മിഷൻ അരിക്കൊമ്പൻ ദൗത്യം വീണ്ടും പാളിയതിനെച്ചൊല്ലി സമൂഹമാദ്ധ്യമങ്ങളിൽ നിരവധി ട്രോളുകളാണ് പ്രചരിക്കുന്നത്. മണിക്കൂറുകളോളം അരിക്കൊമ്പനെ തിരക്കി നടന്ന ദൗത്യ സംഘത്തിന്റെ കഥകൾ അടക്കം ട്രോളുകളായി. അരിക്കൊമ്പൻ ദൗത്യത്തിൽ സംഭവിച്ച പാളിച്ചകൾ പറയാതെ പറഞ്ഞ് മെട്രോവാർത്ത എക്സിക്യൂട്ടീവ് എഡിറ്റർ വി. റെജികുമാർ സമൂഹമാദ്ധ്യമങ്ങളിലിട്ട കുറിപ്പും ഇതോടൊപ്പം ചർച്ചയായി.
“വനം വകുപ്പിനേക്കാൾ വലിയ തയാറെടുപ്പാണ് അരിക്കൊമ്പൻ നടത്തിയത്. നിരീക്ഷണത്തിന് ചക്കക്കൊമ്പനെ നിയോഗിച്ചു. പത്തോളം കൂട്ടാനകളെ ഇറക്കി. 2 ഭാര്യമാരെയും മക്കളെയും സേഫാക്കി. എന്നിട്ടവൻ, വെടിയേറ്റു മയങ്ങിയാലും ലോറി എത്താത്ത സ്ഥലത്തു പോയി സ്വസ്ഥമായി ഉറങ്ങി! മലയാളിയെ പറ്റിക്കാൻ ഒരാന മതി!”ഇങ്ങനെ ആയിരുന്നു റെജികുമാറിന്റെ കുറിപ്പ്.
റെജികുമാറിന്റെ ട്വീറ്റിനോട് നിരവധി പേരാണ് അനുകൂലമായി പ്രതികരിച്ചെത്തിയത്. വനംവകുപ്പിലും അരിക്കൊമ്പന്റെ ചാരൻമാർ ഉണ്ടാകുമെന്നും അല്ലെങ്കിൽ സമയമായപ്പോൾ മുങ്ങിയതെങ്ങിനെ എന്നുമാണ് ഒരാളുടെ ചോദ്യം. കൊച്ചുവെളുപ്പാൻകാലം മുതൽ ലൈവ് കാണിച്ചുകൊണ്ടിരുന്ന ചാനലുകാരുടെ കണ്ണ് വെട്ടിച്ച് ഡ്യൂപ്പിനെ വരെയിറക്കിയെന്നാണ് മറ്റൊരു മറുപടി.
പുലർച്ചെ 4.30 ന് മിഷൻ അരിക്കൊമ്പൻ ആരംഭിച്ചെങ്കിലും അരിക്കൊമ്പൻ എന്ന് കരുതി ആദ്യം പിന്തുടർന്നത് ചക്കക്കൊമ്പനെയാണ്. പിന്നീട് ഇത് ചക്കക്കൊമ്പനാണെന്ന് മനസിലാക്കിയ ശേഷം അരിക്കൊമ്പന് വേണ്ടി തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ 14 മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിലാണ് ശങ്കരപാണ്ഡ്യമേട് ഭാഗത്ത് വൈകിട്ടോടെ അരിക്കൊമ്പനെ കണ്ടത്. ഇടതൂർന്ന ചോലയാണ് ഇവിടെ. അടുത്ത ദിവസവും ദൗത്യം തുടരുമെന്നും ഇവിടെ നിന്നും ആനയെ ഓടിച്ച് താഴെയിറക്കിയ ശേഷം പിടികൂടാനാണ് നീക്കമെന്നുമാണ് വനം വകുപ്പ് പറയുന്നത്.
കഴിഞ്ഞ ദിവസം കിണറ്റിൽ വീണ കരടിയെ രക്ഷിക്കുന്നതിലുണ്ടായ പിഴവുകളെയും റെജികുമാർ സമൂഹമാദ്ധ്യമങ്ങളിലൂടെ വിമർശിച്ചിരുന്നു.










