തിരുവനന്തപുരം; ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്ക്. തിരുവനന്തപുരം ആറ്റിങ്ങൽ കടവിള പുല്ലുവിളാകത്ത് സത്യശീലന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. ഗിരിജ സത്യനാണ് ഗുരുതരമായി പൊളളലേറ്റത്.
പാചകവാതകം ചോർന്നതിന് സമാനമായ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നാണ് വീടിന് പുറത്തുനിൽക്കുകയായിരുന്ന ഗിരിജ അടുക്കളവാതിൽ തുറന്ന് അകത്ത് കയറിയത്. പൊടുന്നനെ ഉഗ്രശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ അയൽക്കാരാണ് ശരീരം മുഴുവൻ പൊളളലേറ്റ നിലയിലായിരുന്ന ഗിരിജയെ രക്ഷപെടുത്തിയത്.
ഇവരെ ആശുപത്രിയിലാക്കിയ ശേഷം അയൽവാസികൾ തന്നെ ആറ്റിങ്ങൽ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഡബിൾ ഡോർ ഫ്രിഡ്ജ് ആയിരുന്നു ഇവരുടെ വീട്ടിൽ ഉണ്ടായിരുന്നത്. ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കത്തിയ നിലയിലാണ്.
അഗ്നിരക്ഷാസേന എത്തി തീപടർന്നതിന് സമീപമുണ്ടായിരുന്ന ഗ്യാസ് കുറ്റി ഉൾപ്പെടെ മാറ്റിയതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി. സ്റ്റേഷൻ ഓഫീസർ ജിഷാദിന്റെ നേതൃത്വത്തിലുളള അഗ്നിരക്ഷാ സംഘമാണ് തീ പൂർണമായി അണച്ചത്.












