തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിൽ പങ്കാളിയായ പ്രിൻസിപ്പൽ ജി.ജെ ഷൈജുവിനെ മാനേജ്മെൻറ് സസ്പെൻഡ് ചെയ്തു. കോളേജ് മാനേജ്മെന്റിന്റേതാണ് നടപടി. ഡോ.എൻ കെ നിഷാദാണ് പുതിയ പ്രിൻസിപ്പൽ. പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കണമെന്ന് കേരള സർവ്വകലാശാല നിർദേശിച്ചിരുന്നു.
കേസിൽ പോലീസ് ഇന്ന് സർവ്വകലാശാല രജിസ്ട്രാറുടെ മൊഴിയെടുക്കും. രജിസ്ട്രാറുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോളേജ് പ്രിൻസിപ്പാൾ, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവർക്കെതിരെ പോലീസ് ക്രിമിനൽ കേസെടുത്തത്. തിരഞ്ഞെടുപ്പ് നടത്തിയതിന്റെ രേഖകളും പോലീസ് ശേഖരിക്കും. ഇതിന് ശേഷം പ്രിൻസിപ്പാൾ ഷൈജു, എസ്എഫ്ഐ നേതാവ് വിശാഖ് എന്നിവരുടെ മൊഴിയും എടുക്കും.
ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും വിശാഖിനെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.












