തിരുവനന്തപുരം: കല്യാണ സദയ്ക്കൊപ്പം പപ്പടം കിട്ടിയില്ല എന്ന് പറഞ്ഞ് ഇനി ആരും തമ്മിൽ തല്ലേണ്ട. ഓണക്കിറ്റിനൊപ്പം നൽകിയ പപ്പടത്തിന് ഗുണമേൻമയില്ല എന്ന പരാതിയും സർക്കാരിന് ഇനി കേൾക്കാൻ താല്പര്യമില്ല. പപ്പടവുമായി ബന്ധപ്പെട്ട എല്ലാ പരാതികൾക്കും സർക്കാർ വിരാമമിടുകയാണ്. ഗുണമേന്മ ഉറപ്പാക്കി കേരളാ ബ്രാന്‍ഡിൽ സർക്കാർ പുതിയ പപ്പടം വിപണിയിലിറക്കുകയാണ്. ഇതിനായി വിപുലമായ പദ്ധതിയാണ് വ്യവസായ വകുപ്പ് അണിയറയിൽ തയ്യാറാക്കുന്നത്.
ചെറുകിട വ്യവസായങ്ങൾക്കുളള കേന്ദ്രസർക്കാർ ഫണ്ടുപയോഗിച്ചാണ് പപ്പടം നിർമ്മാണത്തിന് സർക്കാർ ലക്ഷ്യമിടുന്നത്. അതായത് 70 ശതമാനം കേന്ദ്ര സഹായത്തോടെയാണ് ഈ പദ്ധതി നിലവിൽ വരുന്നത്. 20 ശതമാനം സംസ്ഥാന സഹായം, 10 ശതമാനം ചെറുകിട വ്യവസായ യൂണിറ്റുകളുടെ ക്ലസ്റ്ററിന്റെ പങ്കാളിത്തം എന്നിങ്ങനെയാണ് പപ്പട നിര്‍മാണത്തിനായുള്ള സാമ്പത്തിക തയ്യാറെടുപ്പുകൾ.
ചെറുകിട വ്യവസായമാണെങ്കിലും അരക്കോടി രൂപയുടെ പപ്പട വ്യാപാരമാണ് പ്രതിദിനം കേരളത്തില്‍ നടക്കുന്നത്. ഇത്തരം യൂണിറ്റുകളെ കൂട്ടിയോജിപ്പിച്ചുള്ള സംരംഭത്തിനാണ് തിരുവനന്തപുരത്ത് എണ്ണ കാച്ചുന്നത്. 88 പപ്പട നിര്‍മ്മാണ യൂണിറ്റുകളുടെ അനന്തപുരം ക്ലസ്റ്റര്‍ രൂപീകരിച്ചാണ് അഞ്ചരക്കോടി രൂപയുടെ കോമൺ ഫെസിലിറ്റി സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുക. കൊച്ചുവേളിയില്‍ വ്യവസായവകുപ്പിന്റെ 49 സെന്റ് സ്ഥലത്ത് ജനുവരിയിൽ നിര്‍മ്മാണം പൂര്‍ത്തിയാക്കും.
എന്നാൽ പതിവുപോലെ ഇത് സ്വന്തം പദ്ധതി മാത്രമായി അവതരിപ്പിച്ച് വ്യവസായ വകുപ്പ് ഫ്ളക്സുകൾ തയ്യാറാക്കി കഴിഞ്ഞു. അതിൽ കേന്ദ്രസർക്കാരിനെയോ , കേന്ദ്രവിഹിതത്തെയോ പരാമർശിക്കാത്തത് പതിവ് ആരോപണങ്ങൾക്ക് കാരണമായിട്ടുണ്ട്.












