തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് മുതൽ അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മഴ മുന്നറിയിപ്പും ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ന് എട്ട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. ഇവിടങ്ങളിൽ അടുത്ത 24 മണിക്കൂറിനിടെ 64.5 മുതൽ 11.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരും. അതിനാൽ അടുത്ത ദിവസങ്ങളിലും ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
ബിപോർജോയ് ചുഴലിക്കാറ്റിന്റെയും ഒപ്പം കാലവർഷത്തിന്റെയും സ്വാധീനമാണ് സംസ്ഥാനത്ത് മഴയ്ക്ക് കാരണം ആകുന്നത്. മഴയ്ക്ക് പുറമേ സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന നിർദ്ദേശം. ശക്തമായി വീശി അടിക്കാവുന്ന കാറ്റിന് സാദ്ധ്യതയുള്ളതിനാൽ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
യെല്ലോ അലർട്ട് ഏർപ്പെടുത്തിയ ജില്ലകൾ
10-06-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
11-06-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
12-06-2023 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി












